ഫീസ് 20 റിയാലില്‍ നിന്ന് 10 റിയാലായി കുറച്ചതായി പൊലീസ് അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ലൈസന്‍സ് ലഭിക്കുന്ന വിദേശികളും സ്വദേശികളും 10 റിയാല്‍ നല്‍കണം. വിദേശികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കുന്നതിനും പത്ത് റിയാലാണ് ഫീസ്.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 11 ഗവര്‍ണറേറ്റുകളില്‍ എട്ടിലും വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 0.08 ശതമാനത്തിന്റെ കുറവുണ്ടായതായാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മസ്കത്ത് ഫെസ്റ്റിവലിന് തിരശീല വീഴാന്‍ ഇനി മൂന്നു ദിവസം മാത്രം. ശനിയാഴ്ചയാണ് 18ാമത് മസ്കത്ത് ഫെസ്റ്റിവലിന് സമാപനം കുറിക്കുക. ഖുറം ആംഫി തിയറ്റര്‍, അല്‍ മദീന തിയറ്റര്‍, ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സന്റെര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഫെസ്റ്റിവലിന്റെ അനുബന്ധ കലാപരിപാടികള്‍ സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ചു.
ബര്‍ക്കയില്‍ ഭക്ഷണശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിവന്ന മൂന്നു ദിവസത്തെ പരിശോധനയില്‍ 26 റസ്റ്റാറന്റുകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചതായി തെക്കന്‍ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത 735 കിലോ ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
സൗദിക്കു പിന്നാലെ ഒമാനും വനിതാ ടാക്സികള്‍ ആരംഭിക്കുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് ഒമാനില്‍ വനിതാ ടാക്സികള്‍ ആരംഭിക്കുക. ബിസിനസിലും തൊഴിലിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യഅവകാശങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ ട്രാഫിക് പോലിസ് പറഞ്ഞു.
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സെന്റര്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദിന്റെ മകന് അബ്ദുള്‍ കരീം(55) ആണ് മരിച്ചത്.
ഒമാനിലെ സ്ഥിരതാമസക്കാരായ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് വിദേശതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വിശദമാക്കുന്ന മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. നിരക്കില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. എം 91 പെട്രോളിന് 207 ബൈസയും എം 95 പെട്രോളിന് 218 ബൈസയും ഡീസലിന് 244 ബൈസയുമാണ് പുതിയ നിരക്ക്.
മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ മാര്‍ച്ച് 20 മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ബജറ്റ് എയര്‍ലൈനുകള്‍ ഉള്‍പ്പടെ പുതിയ വിമാനത്താവളത്തില്‍ നിന്നാകും സര്‍വ്വീസ് നടത്തുക.
മുവാസലാത്ത് ടാക്സി നിരക്കുകള്‍ കുറച്ചു. ഓണ്‍കാള്‍ ടാക്സിക്കും മാളുകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഫെബുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.