Currency

ഒമാനിലും വരുന്നു വനിതാ ടാക്സികള്‍

സ്വന്തം ലേഖകന്‍Tuesday, February 6, 2018 3:08 pm

മസ്‌കത്ത്: സൗദിക്കു പിന്നാലെ ഒമാനും വനിതാ ടാക്സികള്‍ ആരംഭിക്കുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് ഒമാനില്‍ വനിതാ ടാക്സികള്‍ ആരംഭിക്കുക. ബിസിനസിലും തൊഴിലിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യഅവകാശങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ ട്രാഫിക് പോലിസ് പറഞ്ഞു. പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനോടനുബന്ധിച്ചാണ് ഒമാന്‍ ഭരണകൂടം വനിതാ ടാക്സി ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

അതേസമയം പുരുഷ ഡ്രൈവര്‍മാരുടെ വാഹനത്തില്‍ തനിച്ച് യാത്ര ചെയ്യേണ്ടിവരുന്നത് മൂലമുള്ള പ്രയാസം പരിഹരിക്കുന്നതിന് വനിതകള്‍ ഡ്രൈവ് ചെയ്യുന്ന ടാക്സികള്‍ക്കായുള്ള ആവശ്യം ഒമാനില്‍ ശക്തമായിരുന്നു. സൗദിയിലുള്ളതു പോലെ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് ഒമാനില്‍ നിരോധനമുണ്ടായിരുന്നില്ലെങ്കിലും ടാക്സി ഡ്രൈവര്‍മാരാകുന്നതിന് അനുവാദമുണ്ടായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇതിനുള്ള അവസരമാണ് സ്ത്രീകള്‍ക്ക് ലഭ്യമായിരിക്കുന്നത്.

നിലവിലെ ഓറഞ്ച്, വെള്ള നിറങ്ങളിലുള്ള ടാക്സികളില്‍ നിന്ന് വ്യത്യസ്തമായി വനിതാ ടാക്സികള്‍ക്ക് പിങ്ക്, നീല, വെള്ള എന്നീ നിറങ്ങളാവും ഉണ്ടാവുക. പെട്ടെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയാണ് നിറംമാറ്റം. വനിതാ ടാക്സി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x