ഖത്തറിലെ മുഴുവന്‍ ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഉള്‍ക്കൊള്ളിച്ച് ഖത്തര്‍ മീഡിയ കോര്പ്പറേഷന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അറബിക് ഇംഗ്ലീഷ് ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
വുഖൂദിന്റെ 80ാമത് പെട്രോള്‍ സ്റ്റേഷന് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജനങ്ങളുടെ വളരെ കാലമായുള്ള ആവശ്യമാണിത്. 2020 ഓടുകൂടി രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 130 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഖത്തറില്‍ കനത്ത മഞ്ഞു വീഴ്ച്ച അനുഭവപ്പെടുന്നതു കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. പ്രധാനമായും രാത്രി വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മൂടല്‍ മഞ്ഞിന്റെ സന്നിധ്യമുള്ളതിനാല് ദൂരകാഴ്ച പരിധി കുറയുമെന്നും അധികൃതര്‍ അറിയിച്ചു.
ദോഹ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. ദോഹ അറിവിന്റെയും ബോധ്യത്തിന്റെയും നഗരം എന്ന ആശയത്തിലാണ് ദോഹ രാജ്യാന്തര പുസ്തകമേള സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ക്കു നേരെയുള്ള ഏതുതരം അതിക്രമങ്ങളെക്കുറിച്ചും പരാതി സ്വീകരിക്കാനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാനും സിദ്ര മെഡിസിന് ഹെല്പ് ലൈന്‍ തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ 40034000 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാം.
സല്‍വ റോഡില്‍ അല്‍ സൈലിയ ഇന്റര്‍ചേഞ്ച് (എക്സിറ്റ് 17) മുതല്‍ മിസൈദ് ഇന്റര്‍ചേഞ്ച് (എക്സിറ്റ് 24) വരെയുള്ള 1.3 കിമീ ദൂരത്ത് ഇന്നു മുതല്‍ ഡിസംബര്‍ 2 വരെ അഷ്ഗാല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
പൊതുപരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നാല് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദിയാണ് ഉത്തരവ് പുറത്തിറക്കിയത്.
പ്രവാസി ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കാനായി ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസ് 29നു വൈകിട്ട് 3ന് എംബസി പരിസരത്തു നടക്കും.
ഖത്തറില്‍ മഴ ശക്തമാകാനിടയുള്ള സാഹചര്യത്തില്‍ ശൈത്യകാല ക്യാമ്പുകളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്കി. മഴ കനക്കുകയാണെങ്കില്‍ ക്യാംപിങ് അവസാനപ്പിച്ച് മടങ്ങുകയാണ് നല്ലതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. അറബ് മേഖലയില്‍ ഒന്നാം സ്ഥാനവും ലോക രാജ്യങ്ങള്‍ക്കിടയില്‍ മുപ്പതാം സ്ഥാനവും അരക്കിട്ടുറപ്പിക്കാന്‍ ഖത്തറിനായിട്ടുണ്ട്.