Currency

ഖത്തര്‍ വേനലാഘോഷത്തിനെത്തിയത് 1,40,000 പേര്‍

Thursday, September 1, 2016 8:57 pm

ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഖത്തര്‍ വേനലാഘോഷത്തില്‍ പങ്കു ചേരാന്‍ വന്നത് 1,40,000ത്തിലധികം ആളുകള്‍. ഒരു മാസം നീണ്ടു നിന്ന ആഘോഷത്തില്‍ സന്ദര്‍ശകരുടെ എണ്ണം വിചാരിച്ചതിലും അധികമായിരുന്നു. കോര്‍ണിഷില്‍ ബുധനാഴ്ച രാത്രി നടന്ന വെടിക്കെട്ടോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

ആഘോഷത്തില്‍ തിളങ്ങിയത് തല്‍സമയ പ്രകടനങ്ങളും ഷോപ്പിംഗ് പ്രമോഷനുകളും ഹോട്ടല്‍ ഓഫറുകളുമാണ്. ഇത്രയും ജനപ്രീതി നേടിയ ആഘോഷങ്ങള്‍ക്ക് ശേഷം രാജ്യം ബലി പെരുന്നാളിന്‍റെ നൈര്‍മല്യതയിലെക്ക് തിരിച്ചെത്തുകയാണ്.

മികച്ച പ്രതികരണമാണ് മൂന്നാമത് ഖത്തര്‍ വേനലാഘോഷത്തിനു ലഭിച്ചതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. ആഘോഷത്തെ വലിയ വിജയമാക്കി തീര്‍ത്ത പൊതു- സ്വകാര്യ മേഖലയിലെ പങ്കാളികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഒരു മാസത്തെ ആഘോഷത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ആസ്വദിക്കാന്‍ തക്ക ഗെയിമുകളും മറ്റുമാണ് ഉണ്ടായിരുന്നത്. 29,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടികള്‍ നടന്നത്. നാലായിരത്തോളം ആളുകളാണ് ദോഹ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x