
ദോഹ: ഖത്തറിലെ ഏറ്റവും വലിയ വേനല്‍ പരിപാടിയായ സമ്മര്‍ ഇന്‍ ഖത്തറിന് സമാപനം. ബലി പെരുന്നാളിനോടനുബന്ധിച്ച് സൂഖ് വാഖിഫ്, അല്‍ വക്‌റ സൂഖ്, കതാറ, പ്രമുഖ മാളുകള്‍ എന്നിവിടങ്ങളിലരങ്ങേറിയ സംഗീത, കലാ പരിപാടികളോടെയാണ് സമ്മര്‍ ഇന്‍ ഖത്തറിന് തിരശ്ശീല വീണത്. സമാപനം കുറിച്ച് മാള്‍ ഓഫ് ഖത്തറില്‍ മൂന്നാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പും നടന്നു. മൂന്നു മാസം നീണ്ട സമ്മര്‍ ഇന്‍ ഖത്തറില്‍ ഓരോ മാസവും ഓരോ നറുക്കെടുപ്പുകള്‍ക്കാണ് ജനം സാക്ഷ്യംവഹിച്ചത്.
സമ്മര്‍ ഇന്‍ ഖത്തറിന്റെ ഭാഗമായി ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ തയാറാക്കിയ ഖത്തറിലെ പ്രഥമ മഞ്ഞ് പാര്‍ക്കും സ്‌നോ ഡ്യൂണ്‍സും ഏറെ ശ്രദ്ധനേടി. 9500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സനോ തീം പാര്‍ക്ക് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് പെരുന്നാളിന്റെ രണ്ടാം ദിനം മുതല്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലേക്കൊഴുകിയെത്തിയത്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സഞ്ചാരികളെ ക്ഷണിച്ച് രാജ്യം ഒരുക്കിയ ‘സമ്മര്‍ ഇന്‍ ഖത്തര്‍’ കാമ്പയിന്‍ ജൂലൈ നാലിനാണ് തുടങ്ങിയത്. ആയിരക്കണക്കിന് സഞ്ചാരികളാണ് കാമ്പയിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശിച്ചത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ പ്രത്യേക ഇളവുകളും അലങ്കാരങ്ങളുമൊരുക്കിയാണ് സഞ്ചരികളെ സ്വഗാതം ചെയ്തത്. രാജ്യത്തെ പ്രധാന ഒമ്പത് മാളുകള്‍ പങ്കെടുത്തു. മികച്ച ഷോപ്പിങ് പ്രമോഷനുകളും റീട്ടെയില്‍ ഓഫറുകളുമാണ് ഒരുക്കിയിരുന്നത്.
ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക് മാള്‍, ഗള്‍ഫ് മാള്‍, തവാര്‍ മാള്‍, അല്‍ഖോര്‍ മാള്‍, ഹയ്യാത് പ്ലാസ, മിര്‍ഖാബ് മാള്‍ എന്നിവയാണ് സമ്മര്‍ ഇന്‍ ഖത്തറില്‍ പങ്കെടുത്തത്. ഖത്തര്‍ മ്യൂസിയംസ് അവതരിപ്പിക്കുന്ന ‘കള്‍ച്ചറല്‍ പാസ്’ ഉള്ളവര്‍ക്ക് കാമ്പയിന്റെ ഭാഗമായി വേറെയും പ്രത്യേക ഇളവുകളുണ്ടായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.