
ത്വാഇഫ്: ത്വാഇഫില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. അടുത്ത കാലത്തൊന്നുമുണ്ടാകാത്തത്ര ശക്തമായ മഴയാണ് ത്വാഇഫിലുണ്ടായത്. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന മഴ വ്യാപകമായ നഷ്ടമാണ് പല ഭാഗങ്ങളിലുമുണ്ടാക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മേഖലയില്‍ കനത്ത മഴ ഉണ്ടയത്. മഴക്കെടുതി വിലയിരുത്താനും വീഴ്ചകളും പോരായ്മകളും അന്വേഷിക്കാനും സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അടിയന്തിര നിര്‍ദേശം നല്‍കി. ത്വാഇഫ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേഖല പൊലീസ്, സിവില്‍ ഡിഫന്‍സ്, ത്വാഇഫ് മുനിസിപ്പാലിറ്റി, നാഷനല്‍ വാട്ടര്‍ കമ്പനി പ്രതിനിധികളുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുയും ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിചേ്ഛദിച്ചു. കടകളിലേക്ക് വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മുന്‍കരുതലെന്നോണം അല്‍ഹദാ റോഡ് അടച്ചു. താഴ്വരകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വെള്ളക്കെട്ടില്‍ കുടുങ്ങിയ 15 വാഹനങ്ങളില്‍ നിന്ന് 42 ഓളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് റോഡില്‍ കെട്ടിനിന്ന വെള്ളം പമ്പ് ചെയ്തു നീക്കലും ക്ലിനിങ് ജോലികളും മുനിസിപ്പാലിറ്റിക്ക് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ത്വാഇഫിലെ ദുരിതബാധിത പ്രദേശങ്ങള്‍ ത്വാഇഫ് ആക്ടിങ് ഗവര്‍ണര്‍ സഅദ് ബിന്‍ മുഖ്ബില്‍ മൈമൂനി സന്ദര്‍ശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.