Currency

ഇടപാടുകളെല്ലാം ഡിജിറ്റലാക്കുന്നു; ഉദ്യോഗസ്ഥസമിതിക്ക് കേന്ദ്രസർക്കാർ രൂപം നൽകി

സ്വന്തം ലേഖകൻFriday, November 25, 2016 7:48 pm

സർക്കാറിന്റെയും വ്യക്തികളുടെയും സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഉദ്യോഗസ്ഥ തല സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.

ന്യൂഡൽഹി: സർക്കാറിന്റെയും വ്യക്തികളുടെയും സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഉദ്യോഗസ്ഥ തല സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ മേല്‍നോട്ടത്തിലാകും സമിതിയുടെ പ്രവർത്തനം.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉപഭോക്തൃസൗഹൃദമായ ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ പ്രവർത്തന സജ്ജമാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. കറന്‍സി രഹിത ഡിജിറ്റല്‍ പേയ്മെന്റിലേക്ക് നീങ്ങുന്നതിന് കേന്ദ്ര മന്ത്രാലയങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സംഘടനകള്‍ എന്നിവയെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ഉടൻ കൈക്കൊള്ളും.

വിവിധ ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ, കണക്കാക്കുകയും സർക്കാറും പൗരനും തമ്മിലുള്ള അത്തരം ഇടപാടുകള്‍ കറന്‍സി ഇടപാടുകളേക്കാള്‍ ചെലവുകുറഞ്ഞതാണോ എന്ന് പരിശോധിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണു സമിതി ചെയ്യുക. പൊതുജനങ്ങള്‍, ചെറുകിട സംരഭങ്ങള്‍, ബന്ധപ്പെട്ട മറ്റു കക്ഷികള്‍ എന്നിവര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനുള്ള കര്‍മ്മ പദ്ധതിയ്ക്കും സമിതി രൂപം നൽകും.

ധന മന്ത്രാലയത്തിന്റെ സാമ്പത്തിക സേവന സെക്രട്ടറി, ഇലക്‌ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി, ഇന്‍ഡസ്ട്രിയല്‍ ആന്റ് പ്രൊമോഷന്‍ വകുപ്പ് സെക്രട്ടറി, ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസ്സെറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എംഡി -സിഇഒയും, നഗരവികസന മന്ത്രാലയം സെക്രട്ടറി, ദേശീയ പാത അതോറിറ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍, നിതി ആയോഗ് അഡൈ്വസര്‍ എന്നിവര്‍ ഉൾപ്പെടുന്നതാണ് സമിതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x