
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ചെന്നൈയിലേക്ക് രണ്ടാമതൊരു സര്‍വീസ് കൂടി തുടങ്ങാനൊരുങ്ങുന്നു. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെന്നൈയിലേക്കും ഇന്‍ഡിഗോ രണ്ടാമതൊരു സര്‍വീസ് കൂടി പ്രഖ്യാപിച്ചത്. അടുത്ത മാസം 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.
ചെന്നൈയില്‍ നിന്നും രാത്രി 7.45ന് പുറപ്പെട്ട് രാത്രി പത്തിന് ദോഹയിലെത്തുന്ന വിമാനം തിരിച്ച് രാത്രി 11ന് പുറപ്പെട്ട് പുലര്‍ച്ചെ 6.05ന് ചെന്നൈയിലെത്തും. നിലവില്‍ ഇന്‍ഡിഗോ ദോഹ- ചെന്നൈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ സര്‍വീസ്. ഇതോടെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളുടെ എണ്ണം പന്ത്രണ്ടാകും.
ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസുള്ളത്. യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണിപ്പോള് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.