Currency

പെന്‍ഷന്‍ വര്‍ധിപ്പിച്ചു; തൊഴില്‍ പദ്ധതിക്ക് 100 കോടി, ബജറ്റില്‍ പ്രവാസികളോടുള്ള കരുതല്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍Friday, January 15, 2021 7:29 pm
budget-expat

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങളുടെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികളെ സംരക്ഷിക്കണമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. പുതിയകാല തൊഴിലുകളിലേയ്ക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികള്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ട്. വിദേശ പണവരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനം വരുന്നുണ്ട്. ഇവരുടെ നൈപുണ്യവും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താനാവണമെന്നും ധനമന്ത്രി പറഞ്ഞു.

ജൂലൈ മാസത്തില്‍ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. വിദേശത്തു നിന്നു മടങ്ങിവന്നവരുടെയും മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവരുടെയും ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടിയായി മാറ്റുകയും ചെയ്യുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കു മുന്‍ഗണന നല്‍കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണി പരിശീലനം നല്‍കി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും. ഈ ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിക്കുന്നു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു 30 കോടി രൂപ അനുവദിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

മേല്‍സൂചിപ്പിച്ച പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനു ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേര്‍ക്കും. പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ വകയിരുത്തി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിക്കുന്നുവെന്നും ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.

പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് 10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. കിഫ്ബി പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ അത് നിക്ഷേപകരെ ബാധിക്കുന്നതല്ല. ക്ഷേമപ്രവര്‍ത്തനമെന്ന നിലയില്‍ അധികം വേണ്ടിവരുന്ന പലിശച്ചെലവ് സര്‍ക്കാര്‍ വഹിക്കും. പ്രവാസി ചിട്ടിയില്‍ 30230 പ്രവാസികള്‍ ചേര്‍ന്നിട്ടുണ്ട്. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടില്‍ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x