Currency

ലയനം: അസോസിയേറ്റ് ബാങ്കുകളുടെ 47% ശാഖകളും പൂട്ടുമെന്ന് എസ്ബിഐ

സ്വന്തം ലേഖകന്‍Tuesday, March 21, 2017 4:16 pm

ന്യൂഡല്‍ഹി: ലയനത്തിന് ശേഷം അസോസിയേറ്റ് ബാങ്കുകളുടെ ഏകദേശം പകുതി ശാഖകളും പൂട്ടുമെന്ന് എസ്ബിഐ. അഞ്ച് അസോസിയേറ്റ് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കുന്നത്. മൂന്ന് അസോസിയേറ്റ് ബാങ്കുകളുടെ ഹെഡ് ഓഫീസുകളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. കൂടാതെ 27 സോണല്‍ ഓഫീസുകളും 81 പ്രാദേശിക ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളുമാണ് നിര്‍ത്തലാക്കുകയെന്ന്എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖാര വ്യക്തമാക്കി.

ഏപ്രില്‍ ഒന്നിന് ലയനം നിലവില്‍ വരും. എന്നാല്‍ 24വരെ നിലവിലുള്ള അവസ്ഥ തുടരും. ഇതിനുശേഷമാകും ശാഖകളുടെ എണ്ണം കുറയ്ക്കുന്ന നടപടി ആരംഭിക്കുക. 1017 ജീവനക്കാരെ ഇത് നേരിട്ട് ബാധിക്കും. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി. അതേസമയം ശാഖകളുടെ എണ്ണം കുറയ്ക്കുന്നത് വഴി അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ലെന്ന് ഖാര പറഞ്ഞു. പുനര്‍വിന്യാസത്തില്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയും ലഭ്യമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികനേര്‍ ആന്‍ഡ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ടിയാല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് എസ്ബിഐയുമായി ലയിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x