പുതിയ നിബന്ധന അനുസരിച്ച് മൃതദേഹം എത്തിക്കേണ്ട എയർപോർട്ടിൽ രണ്ട് ദിവസം മുമ്പ് മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം
വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകൾ പിൻവലിക്കണമെന്ന് കേരളം. മൃതദേഹങ്ങള്‍ വിമാനമാര്‍ഗ്ഗം അയക്കുമ്പോള്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിനും 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അനുവാദം വാങ്ങണമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ നിബന്ധന.
പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാവാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചു. നിബന്ധന പിൻവലിക്കണം. ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി തയ്യാറാകണം – മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിൽ പ്രവാസികളുടെ മൃതദേഹം നേരത്തെ ഒറ്റ ദിവസം കൊണ്ട് നാട്ടിലെത്തിക്കാനാകും. എന്നാൽ പുതിയ നിബന്ധനമൂലം വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകും. നാലുദിവസം വരെയാണ് ഗൾഫ് മേഖലയിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുക. വാരാന്ത്യത്തിലാണ് മരണം സംഭവിക്കുന്നതെങ്കിൽ ആറ് ദിവസം വരെ വൈകാൻ പുതിയ നിബന്ധന കാരണമാകും.
പുതിയ നിബന്ധന അനുസരിച്ച് മൃതദേഹം എത്തിക്കേണ്ട എയർപോർട്ടിൽ രണ്ട് ദിവസം മുമ്പ് മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.