Currency

സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

സ്വന്തം ലേഖകന്‍Monday, January 9, 2017 12:26 pm

റിയാദ്: സൗദിയില്‍ തുടര്‍ച്ചയായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷയും പിഴയും നല്‍കാന്‍ തീരുമാനം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സൗദി ട്രാഫിക് നിയമലംഘനങ്ങളില്‍ 11 ഇനങ്ങളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം 24 മണിക്കൂര്‍ തടവും നല്‍കുമെന്ന് ഔദ്യോഗിക വക്താവ് കേണല്‍ താരിഖ് അര്‍റുബൈആന്‍ അറിയിച്ചു.

ചുവന്ന സിഗ്‌നല്‍ മുറിച്ചുകടക്കല്‍, നിശ്ചയിച്ച വേഗതയേക്കാള്‍ വേഗത്തില്‍ വാഹനമോടിക്കല്‍, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ ഇനങ്ങള്‍ക്കാണ് ആവര്‍ത്തിച്ചാല്‍ പിഴക്ക് പുറമെ ജയില്‍ ശിക്ഷ നല്‍കുക എന്ന് വക്താവ് വിശദീകരിച്ചു.

നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് മുമ്പ് നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ആദ്യ തവണ നിയമലംഘനത്തിന് പിഴ മാത്രമായിരിക്കും ശിക്ഷ. കുറ്റം ആവര്‍ത്തിക്കുന്നവരെ പ്രശ്‌നപരിഹാര സമിതിയുടെ തീര്‍പ്പിന് വിടും. ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ പിഴയില്‍ നിന്ന് ഒഴിവാക്കില്ലെന്നും വക്താവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x