
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമ ലംഘനം പിടികൂടാന്‍ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി കുവൈത്ത് പോലീസ്. റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാനാണ് പ്രധാനമായും ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. വ്യക്തമായ ചിത്രങ്ങളും വിഡിയോയും പകര്‍ത്താന്‍ കഴിയുന്ന ഹൈ ഡെഫിനിഷന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിന് ഉപയോഗിച്ചത്.
വഫ്ര ഭാഗത്ത് റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തി. ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, ലൈസന്‍സിങ് കാര്യ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.
ദൃശ്യങ്ങള്‍ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ തെളിവായി സമര്‍പ്പിക്കാനും സാധിക്കുമെന്നതിനാല്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് പൊലീസ് നീക്കം. രാജ്യത്ത് കര്‍ഫ്യൂ നടപ്പാക്കിയപ്പോള്‍ നിരീക്ഷണത്തിനും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.