
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ഈമാസം 20ന് സ്ഥാനമേറ്റാലുടന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരാസ മേയ് നയതന്ത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഫെബ്രുവരിയില്‍ തന്നെ കൂടിക്കാഴ്ച നടത്താനാണ് നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്സ് നിക്ക് തിമോത്തിയും ഫിയോന ഹില്ലും ഡിസംബറില്‍ അമേരിക്കയിലെത്തി ട്രംപിന്റെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.
ട്രംപിന്റെ പല നിലപാടുകളോടും പ്രസ്താവനകളോടും ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടയുടന് തെരേസ മേയ് അദ്ദേഹത്തെ ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കായി അപ്പോള്‍തന്നെ ട്രംപ് തെരേസയെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ തെരേസയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ബ്രക്സിറ്റിന് എതിരായിരുന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഒബാമയുടെ നിലപാടുകള്‍. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാവശ്യപ്പെട്ട് ഹിതപരിശോധനാവേളയില് അദ്ദേഹം ലണ്ടനില്‍ പരോക്ഷ പ്രചാരണത്തിന് പോലും തയാറായി. എന്നാല്‍ ബ്രക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ട്രംപിന്റേത്. ബ്രക്സിറ്റിനായി നിലകൊള്ളുന്ന തെരേസ മേയുടെ നിലപാടുകള്‍ പുതിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കരുത്തു പകരും. അമേരിക്കയുമായി ബ്രിട്ടന് ലക്ഷ്യമിടുന്ന സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കും തെരേസയുടെ സന്ദര്‍ശനം തുടക്കം കുറിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.