
പകല്‍ സമയത്തെ ലഘുനിദ്ര മുതിര്‍ന്നവരില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ഉച്ച ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂര്‍ വരെ ഉറങ്ങുന്നത് പ്രായമായവരില്‍ ചിന്താശേഷിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷണഫലം തെളിയിക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഉച്ചമയക്കം ശീലമാക്കിയാല്‍ മാനസികശേഷി അഞ്ചു വര്‍ഷമെങ്കിലും ചെറുപ്പമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കന്‍ ജീറിയാട്രിക്‌സ് സൊസൈറ്റി ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 65 വയസിനു മുകളില്‍ പ്രായമുള്ള 3000 ചൈനക്കാരെ പഠനവിധേയമാക്കിയാണ് ഗവേഷകസംഘം ഉച്ചമയക്കം എങ്ങനെയാണ് മനുഷ്യന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നമെന്ന കാര്യത്തില്‍ നിഗമനത്തിലെത്തിയത്. പ്രായമായവരില്‍, ഒരു ചെറിയ മയക്കം മാനസികാരോഗ്യനില മെച്ചപ്പെടുത്തുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജങ്‌സിന്‍ ലി പറയുന്നു.
മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും മയങ്ങിയാല്‍ മാത്രം മതി. ഒരുമണിക്കൂര്‍ വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് കണ്ടെത്തല്‍. ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ നാലു മുതല്‍ ആറുമടങ്ങുവരെ കുറവാണ്.
പഠനത്തിന് വിധേയമായവരില്‍ 60% ആളുകളും ഉച്ചഭക്ഷണത്തിനു ശേഷം ചെറുതായി മയങ്ങുന്നവരായിരുന്നു. 30 മുതല്‍ 90 മിനിറ്റുവരെയായിരുന്നു ഉറക്കസമയം. മിക്കവരും 63 മിനിറ്റോളം ഉറങ്ങി. ഉറങ്ങാതിരുന്നവരേക്കാള്‍ നാലു മുതല്‍ ആറു മടങ്ങുവരെ മാനസികശേഷി ഉറങ്ങിയവര്‍ക്കുള്ളതായി കാണപ്പെട്ടു. ലഘുനിദ്രയുടെ ഗുണങ്ങള്‍ ശാരീരികം മാത്രമല്ല മാനസികം കൂടിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പത്തോ പതിനഞ്ചോ ഇരുപതോ മിനിട്ട് ഒരു ചെറിയ ‘നാപ്’ ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ധിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.