Currency

കൂര്‍ക്കം വലിയെ നിശബ്ദമാക്കുന്ന കിടക്കയുമായി അമേരിക്കന്‍ കമ്പനി

സ്വന്തം ലേഖകന്‍Tuesday, January 10, 2017 11:08 am

വാഷിങ്ടണ്‍: കൂര്‍ക്കം വലിയെ നിശബ്ദമാക്കുന്ന കിടക്കയുമായി യു.എസ് കമ്പനി. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന വ്യാപാര പ്രദര്‍ശനത്തിലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കൂര്‍ക്കം വലിയെ നിശബ്ദമാക്കുന്ന കിടക്കയുമായി രംഗത്തുവന്നിരിക്കുന്നത്. ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’ എന്ന പേരില്‍ എല്ലാ വര്‍ഷവും അരങ്ങേറുന്ന പുത്തന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് കിടക്ക അവതരിപ്പിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച ഉല്‍പന്നത്തിനുള്ള അവാര്‍ഡും ഈ കിടക്ക നേടിയെടുത്തു. കൂര്‍ക്കം വലിക്കുന്നവരുടെ കിടത്തത്തിന്റെ രീതിമാറ്റിക്കൊണ്ടാണ് കിടക്ക കിടപ്പുമുറിയിലേക്ക് സ്വസ്ഥത കൊണ്ടുവരുന്നത്. വ്യക്തി കൂര്‍ക്കം വലിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ കിടക്കയില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ‘സൗണ്ട് സെന്‍സറു’കള്‍ കിടക്കക്കുള്ളിലെ വായുഅറകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച് കൂര്‍ക്കംവലിക്കാരന്റെ കിടത്തത്തിന്റെ രീതി മാറ്റുന്നു. തലഭാഗം ഏഴ് ഡിഗ്രിവരെ ഉയര്‍ത്തിയും ചരിച്ചുകിടത്തിയുമാണ് ശ്വസനനാളിയുടെ സ്ഥാനമാറ്റത്തിലൂടെ കൂര്‍ക്കംവലി നിര്‍ത്തുന്നത്.

അന്തരീക്ഷത്തിലെ ഊഷ്മാവിനനുസരിച്ച് കിടക്കയിലെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും വിളിച്ചുണര്‍ത്താനുള്ള അലാറവും ഈ ഉല്‍പന്നത്തിന്റെ ഭാഗമാണ്. ലോകത്ത് പൊണ്ണത്തടിക്കാരുടെ എണ്ണം കുത്തനെ ഉയരുകയും അതിന് ആനുപാതികമായി കൂര്‍ക്കം വലിക്കാരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പന്നം വിപണി കീഴടക്കുമെന്നാണ് ഗവേഷകരും കമ്പനിയും കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x