Currency

വെറുതെ ദേഷ്യപ്പെടുന്നവര്‍ക്ക് ഉത്കണ്ഠയും നിരാശയും

സ്വന്തം ലേഖകന്‍Saturday, January 14, 2017 10:54 am

അമിത കോപം അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ബന്ധങ്ങള്‍ ഇല്ലതായേക്കാം. അമിത ദേഷ്യത്തിന് പല കാരണങ്ങള്‍ ഉണ്ട്. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെയാണത്. പരിഹാരം കാണാതെ പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കാന്‍ അത്ര പെട്ടെന്നു സാധിക്കില്ല. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശനം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദേഷ്യപ്പെട്ടു സംസാരിക്കുമ്പോള്‍ നാളിതുവരെയുള്ള സ്‌നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കാന്‍ സാധിച്ചെന്നു വരില്ല. ഇത് ബന്ധങ്ങള്‍ ശിഥിലമാക്കും.

അമിത ദേഷ്യം വരുമ്പോള്‍ സംസാരം കുറയ്ക്കുക. മനസിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ തന്നെ ദേഷ്യപ്പെടുന്ന സാഹചര്യത്തിന്റെ പരിണിതഫലങ്ങള്‍ ഒഴിവാക്കാനാകും. കാര്യങ്ങള്‍ മനസിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക? ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ്? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.

ദേഷ്യം തോന്നേണ്ട സാഹചര്യത്തില്‍ ഒന്നും മിണ്ടാതെയിരുന്നാലും നിങ്ങളുടെ അടവുകള്‍ വിജയിക്കണമെന്നില്ല. ശരീരഭാഷയാണ് ഇവിടെ വില്ലനാകുന്നത്. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്‌തേക്കാം. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് വിജയം. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്‌തോളു. മനസ് സ്വയം ശാന്തമാകുകയും ചെയ്യും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x