
ഇന്നത്തെ കാലത്ത് ജോലിയും ദീര്‍ഘദൂര യാത്രയും മറ്റു പലകാരണങ്ങളാലും മതിയായ ഉറക്കം ലഭിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു മോശം വാര്‍ത്തയാണ് വൈദ്യശാസ്ത്രം ലോകത്തുനിന്ന് കേള്‍ക്കുന്നത്. ശരീരത്തിന് ആറു മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച്, ഉപാപചയ രോഗങ്ങള്‍ (മെറ്റബോളിക് സിന്‍ഡ്രോം) ബാധിച്ചവര്‍ ആറുമണിക്കൂറില്‍ കുറവ് ഉറങ്ങിയാല്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു.
രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നും പഠനം പറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.
ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പഠനത്തിനു നേതൃത്വം നല്കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണല്‍ പ്രസിദ്ധീകരിച്ച പഠനം ശരാശരി 49 വയസ്സു പ്രായമുള്ള 1344 പേരിലാണ് നടത്തിയത്. ഇവരില്‍ 42 ശതമാനം പുരുഷന്മാരായിരുന്നു. പഠനത്തിനായി ഒരു രാത്രി സ്ലീപ്പ് ലബോറട്ടറിയില്‍ ഇവര്‍ കഴിഞ്ഞു. ഇവരില്‍ 39 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങള്‍ ഉള്ളതായി കണ്ടു.
ബോഡിമാസ് ഇന്‍ഡക്സ് (ബിഎംഐ) 30 ല്‍ കൂടുതല്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ് നില ഇവ കൂടുതല്‍ ആണെന്നും കണ്ടു. 16 വര്‍ഷത്തെ പഠന കാലയളവില്‍ 22 ശതമാനം പേര് പേര് മരണമടഞ്ഞു. രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസ് നിലയും കുറച്ച് ഉറങ്ങുന്ന സമയം വര്‍ധിപ്പിച്ചാല്‍ മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ചവരില്‍ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നു ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.