Currency

ഭൂകമ്പമേഖലയില്‍ നിന്നും വിടവാങ്ങല്‍ സന്ദേശമയക്കുന്ന കന്യാസ്ത്രീ

Friday, August 26, 2016 3:52 pm

സിറിയന്‍ പ്രശ്നമോ ഗുജറാത്ത് ഭൂകമ്പമോ ജാലിയന്‍ വാലാബാഗോ എന്ന് വേണ്ട, ഓരോ ദുരന്തങ്ങളെയും ലോകമോര്‍ക്കുന്നത് ചിത്രങ്ങളിലൂടെയാണ്.

സിറിയന്‍ പ്രശ്നമോ ഗുജറാത്ത് ഭൂകമ്പമോ ജാലിയന്‍ വാലാബാഗോ എന്ന് വേണ്ട, ഓരോ ദുരന്തങ്ങളെയും ലോകമോര്‍ക്കുന്നത് ചിത്രങ്ങളിലൂടെയാണ്. രക്തം പുരണ്ട ശിരോവസ്ത്രവുമായി കൂട്ടുകാരോട് അവസാനവാക്കുകള്‍ പങ്കു വയ്ക്കുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് അല്‍ബേനിയയിലെ സിസ്റ്റര്‍ മാര്‍ജിയാന ലെഷി എന്ന 35 വയസുള്ള കന്യാസ്ത്രീയുടെ ഈ ചിത്രമാണ്.

സിസ്റ്റര്‍ താമസിച്ചിരുന്ന കോണ്‍വെന്റിന്‍റെ ഭിത്തികള്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30ന് നടന്ന ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞിരുന്നു. ജീവിതത്തില്‍ ആദ്യമായി മരണത്തെ മുഖാമുഖം കണ്ട സമയമായിരുന്നു അതെന്ന്‍ സിസ്റ്റര്‍ പറയുന്നു. വേണമെങ്കില്‍ മാലാഖ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

സിസ്റ്റര്‍ മാര്‍ജാനയും കൂട്ടുകാരും വിശുദ്ധ ക്രൂശീകരണ ദേവാലയത്തിനടുത്തുള്ള വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിചരണ ചുമതലയിലായിരുന്നു. ഭൂചലനം തുടങ്ങിയ ഉടന്‍ ഉറക്കെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും എത്തിയില്ല.

“ജീവന്‍ രക്ഷപെടുത്താന്‍ യാതൊരു വഴിയുമില്ലെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ സുഹൃത്തുക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശമയച്ചു.’ഈ ലോകത്തിലെ യാത്ര അവസാനിക്കുന്നു, വിട!’ ഇതായിരൂന്നു സന്ദേശം. എന്നാല്‍ എന്റെ കുടുംബത്തിന് ഈ സന്ദേശമയക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു. എന്തെന്നാല്‍ അത് വായിച്ചാലുടന്‍ തന്നെ അത് എന്റെ പിതാവിന് ഏതെങ്കിലും വിധത്തില്‍ ആഘാതം ഏല്പിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ മരണത്തിന് തയ്യാറെടുത്തു.” സിസ്റ്റര്‍ മാര്‍ജിയാന പ്രതികരിച്ചു.

വളരെയധികം അപ്രതീക്ഷിതമായാണ് ഒരു യുവാവ് തന്റെ പേര് വിളിച്ചുകൊണ്ട് തിരഞ്ഞെത്തുന്നതും തുടര്‍ന്ന്‍ രക്ഷപെടുത്തുന്നതും. ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കഷ്ടപ്പെട്ട് ആ യുവാവ് തന്നെ വലിച്ച് പുറത്തേക്കിട്ടു. അപ്പോഴും അവസാനിച്ചിരുന്നില്ല. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ‘ജീവന്‍ തിരിച്ചുകിട്ടി’ എന്ന് ശാന്തയായി സന്ദേശമയക്കുന്ന സിസ്റ്റര്‍ മാര്‍ജിയാനയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ ചിത്രം പകര്‍ത്തിയത് മാസിമോ പെര്‍ക്കൊസി എന്നാ ഫോട്ടോഗ്രാഫറാണ്.

മാര്‍ജിയാന അപകടത്തെ തരണം ചെയ്തെങ്കിലും കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. ഭൂകമ്പത്തില്‍ ആ കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് ഏഴു പേരും കൊല്ലപ്പെട്ടിരുന്നു. അപകടത്തെ തരണം ചെയ്ത സിസ്റ്റര്‍ സ്വന്തം വീട്ടിലെത്തി അച്ഛനമ്മമാരെയും ബന്ധുമിത്രാദികളെയും സമാധാനിപ്പിച്ച് റോമിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ്.

ഈ യാത്ര സെപ്റ്റംബര്‍ 4ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ്. മദര്‍ തെരേസയുടെ ജീവിതം അല്‍ബേനിയന്‍ സ്ത്രീകളുടെ കരുത്താണെന്ന് സിസ്റ്റര്‍ പറഞ്ഞു.”എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി, പക്ഷെ അത് അവസാനമായിരുന്നില്ല.” ഇറ്റലിയെ നടുക്കിയ ഭൂകമ്പത്തിന്റെ മുഖമായി സിസ്റ്റര്‍ മാര്‍ജിയാനയുടെ മുഖം ലോകം ചര്‍ച്ച ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x