
ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം. ആസ്റ്റര്‍ ആശുപത്രികളില്‍ ചികില്‍സക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. പഠനത്തിന് വിധേയരാക്കിയവരില്‍ 40 ശതമാനം പേര്‍ക്കും 55 വയസിന് മുമ്പേ ഹൃദയഘാതമുണ്ടായി എന്നാണ് കണ്ടെത്തല്‍.
കൊറോണറി ആര്‍ട്ടറി ഡിസീസ് പശ്ചാത്തലമുള്ള 142 രോഗികളെ നീരീക്ഷിച്ചായിരുന്നു പഠനം. മൂന്നു മാസത്തിനിടെ ആസ്റ്റര്‍ ആശുപത്രിയിലെ കാത്ത്ലാബില് പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവാക്കളില്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നുള്ളവരെക്കാള് ഹൃദ്രോഗ സാധ്യത കൂടിയവരാണ്. ഇന്ത്യക്ക് പുറമെ പാക്കിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളയാളുകളിലും ചെറിയ പ്രായത്തിലും ഹൃദ്രോഗബാധ കൂടുതലായി കാണപ്പെടുന്നു. പാശ്ചാത്യരുമായി താരതമ്യം ചെയ്താല്‍ പത്ത് വര്‍ഷം മുമ്പേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെ ഹൃദ്രോഗം പിടികൂടുന്നു എന്നാണ് കണക്ക്.
രോഗികളിലെ 43 ശതമാനം പേര്‍ക്കും രോഗകാരണമായിരിക്കുന്നത് രക്തസമ്മര്‍ദ്ദമാണ്. 39 ശതമാനം പേര്‍ക്ക് പ്രമേഹമാണ്. 20 ശതമാനം പേരില്‍ പുകവലി വില്ലനാണ്. മുമ്പ് പുകവലിച്ചിരുന്ന മൂന്ന് ശതമാനം പേര്‍ക്കും രോഗം ബാധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.