Currency

പണം ചെലവഴിക്കുമ്പോൾ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻSunday, October 23, 2016 3:17 pm

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളിൽ വെറും നാല് ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ ശമ്പളത്തിൽ തൃപ്തരായിട്ടുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെ ചെലവുചുരുക്കി സമ്പാദ്യം വർധിപ്പിക്കാം എന്ന കാര്യം നോക്കാം

പ്രവാസികളായ പലരും തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ പൂർണ്ണ തൃപ്തരല്ലെന്നാണ് ബെയ്റ്റ് ഡോട്ട് കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവ്വേഫലം വ്യക്തമാക്കുന്നത്. പലർക്കും തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഏറിയ പങ്കും വിദേശത്ത് തന്നെ ചെലവഴിക്കേണ്ടി വരുന്നതിനാൾ നാട്ടിലെ സമ്പാദ്യം കുറയുകയും ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളിൽ വെറും നാല് ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ ശമ്പളത്തിൽ തൃപ്തരായിട്ടുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെ ചെലവുചുരുക്കി സമ്പാദ്യം വർധിപ്പിക്കാം എന്ന കാര്യം നോക്കാം

ബജറ്റ് തയ്യാറാക്കുക

സ്വന്തം വരുമാനത്തിന്റെ ബജറ്റ് തയ്യാറക്കാൻ അകൗണ്ടിംഗ് പരിജ്ഞാനമൊന്നും ആവശ്യമില്ല. മൈക്രോസോഫ്റ്റ് എക്സൽ ഉപയോഗിച്ചോ ഗൂഗിൾ ഷീറ്റ് ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു പേപ്പറിലോ പ്രതീക്ഷിക്കുന്ന ചെലവുകൾ കൃത്യമായി രേഖപ്പെടുത്തിവെക്കുക. ഇങ്ങനെ ചെയ്യുന്നപക്ഷം ശമ്പളം ലഭിക്കുമ്പോൾ എന്തിനൊക്കെ ചെലവാക്കണം പണമെന്ന ധാരണയുണ്ടാകും. ഇതുവഴി അനാവശ്യ ചെലവുകൾ നിയന്ത്രിക്കാം

ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വാടക, ഗാതാഗതം, വൈദ്യുതി-ജലം എന്നിവയ്ക്കായി ചെലവഴിക്കേണ്ട തുകയ്ക്ക് പ്രഥമ പരിഗണന നൽകുക. പിന്നീട് ഒഴിവാക്കാൻ പറ്റാത്ത മറ്റു കാര്യങ്ങൾക്ക് പരിഗണന നൽകാം. യാതൊരു കാരണവശാലും വരുന്നിടത്ത് വെച്ച് കാണാം എന്ന മനോഭാവത്തിൽ ഇക്കാര്യങ്ങളെ നിർണ്ണയിക്കരുത്.

നിയന്ത്രിക്കാവുന്ന ചെലവുകൾ കണ്ടെത്തുക

ഭക്ഷണം, വസ്ത്രം, ഇന്റർനെറ്റ് എന്നിവയ്ക്കാണ് വരുമാനത്തിന്റെ നാൽപ്പത് ശതമാനം തുകയും പ്രവാസികൾക്ക് ചെലവാകുന്നതെന്നാണ് അടുത്തിടെ പുറത്തുവന്നൊരു പഠനഫലം തെളിയിക്കുന്നത്. ഇവയാകട്ടെ നിയന്ത്രിക്കാവുന്നതാണെന്ന കാര്യം മനസ്സിലാക്കുക. കഴിയുന്നതും പുറത്തു പോയുള്ള ഭക്ഷണം കഴിക്കൽ ഒഴിവാക്കുക. വസ്ത്രങ്ങൾ വാങ്ങുന്നത് ആ മാസത്തെ മറ്റു ചെലവുകളെ അടിസ്ഥാനപ്പെടുത്തി മാത്രമാക്കുക.

സമ്പാദ്യം എത്രയാകണം എന്നതിലൊരു ധാരണയുണ്ടാക്കുക

ഒരു മാസം ഏറ്റവും കുറഞ്ഞത് എത്ര രൂപ സമ്പാദിക്കാനാകും എന്നത് സംബന്ധിച്ചൊരു ധാരണയുണ്ടാക്കുക. വരവ്-ചെലവുകളുടെ അടിസ്ഥാനത്തിൽ പ്രായോഗികമായി ചിന്തിച്ചായിരിക്കണം ഇക്കാര്യം തീരുമാനിക്കേണ്ടത്.

അത്യാവശ്യങ്ങൾക്ക് തുക മാറ്റിവെക്കുക

അസുഖമോ, അപകടമോ, ജോലിനഷ്ടമോ ഒക്കെ മുൻ കൂട്ടി കാണേണ്ടതാണ്. ഇതിലേക്കായി ഒരു തുക മാറ്റി വെക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x