Currency

തൊഴിൽ സുരക്ഷ; ഓസ്ട്രേലിയയിലുള്ളവർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ

സ്വന്തം ലേഖകൻTuesday, October 25, 2016 12:05 am

ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

പൊതുജനങ്ങളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന നിരവധി നിയമങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഇത്തരത്തിലുള്ള തൊഴിൽ സാഹചര്യവും സുരക്ഷയും തങ്ങൾക്ക് ലഭ്യമായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിക്കാനുള്ള അവകാശം താല്‍ക്കാലിക വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്കു പോലും ഓസ്ട്രേലിയ നൽകുന്നുണ്ട്. ഓസ്ട്രേലിയയിലെ തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

തൊഴിൽ ദാതാവിന്റെ കടമകൾ

  • തൊഴിൽ സ്ഥലങ്ങളിൽ എങ്ങനെ സുരക്ഷിതമായി ജോലി ചെയ്യാം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ തൊഴിലാളിക്ക് നൽകുക
  • തൊഴില്‍ സ്ഥലത്തിന്റെ സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ട ഒരാളെ ഏൽപ്പിക്കുക
  • അപകടകരമല്ലാത്ത പണിയായുധങ്ങളും, ഉപകരണങ്ങളുമാണ് തൊഴിലാളിക്ക് നൽകുന്നതെന്ന് ഉറപ്പുവരുത്തുക
  • സുരക്ഷ ഉറപ്പാക്കുന്ന വസ്ത്രങ്ങളും, ഹെൽമെറ്റ്, ഷൂസ് തുടങ്ങിയവ തൊഴിലാളിക്ക് നൽകുക
  • കാർ, ക്രെയിൻ, ഫോർക്ക് ലിഫ്റ്റ് തുടങ്ങിയവ ലൈസെൻസ് ഇല്ലാതെ ഉപയോഗിക്കുവാൻ നിർബന്ധിക്കരുത്

തൊഴിലാളിയുടെ ഉത്തരവാദിത്തങ്ങൾ

  • അപകടകരമായ തൊഴിലിൽ ഏർപ്പെടുമ്പോൾ സ്വന്തം സുരക്ഷ നോക്കുക
  • തൊഴിലിൽ ഏർപ്പെടുമ്പോൾ,  മദ്യവും മയക്കുമരുന്നും മറ്റും ഉപയോഗിക്കരുത്
  • അപകടകരമായ പണിയായുധങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരായാൽ, അത് നിരസിക്കാനുള്ള അധികാരം തൊഴിലാളിക്കുണ്ട്

വേതനം ഉറപ്പുവരുത്തുക

നിയമപ്രകാരം ഓരോ തൊഴിലിന്റെയും സ്വഭാവം അനുസരിച്ച് അടിസ്ഥാന വേതനം നിശ്ചയിച്ചിട്ടുണ്ട്. ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഫെയർ വർക്ക് ഓംബുഡ്സ്മാനുമായി ബന്ധപ്പെടാവുന്നതാണ്.

തൊഴിൽ പീഢനങ്ങൾ അധികൃതരെ അറിയിക്കുക

തൊഴിൽ സ്ഥലത്ത് വെച്ച് ശാരീരിക പീഢനമോ അപമാനമോ, വംശീയാധിക്ഷേപമോ അനുഭവപ്പെട്ടാൽ അത് പരാതിപ്പെടേണ്ടതാണ്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നുമാണെങ്കിൽ അത് തൊഴിലുടമയെ അറിയിച്ചിരിക്കണം. അല്ലെങ്കിൽ 1300 799 675 എന്ന നമ്പറിൽ ഫെയർ വർക്ക് ഓംബുഡ്സ്മാനെ ബന്ധപ്പെടുക. https://www.fairwork.gov.au/

അപകടം സംഭവിച്ചാൽ

തൊഴിലിനിടയിൽ എന്തെങ്കിലും പരുക്കോ, അസുഖമോ, അപകടമോ സംഭവിച്ചാൽ അത് തൊഴിലുടമയെ അറിയിക്കേണ്ടതാണ്. ചികിത്സ തേടിയ ശേഷം ഡോക്ടറുടെ പക്കൽ  നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുകയും ഇത് തൊഴിലുടമയ്ക്ക് സമർപ്പിക്കുക. ഗുരുതരമായ അപകടങ്ങൾ സംഭവിച്ചാൽ തൊഴിലുടമയിൽ നിന്നും ഇൻസിഡന്റ് റിപ്പോർട്ട് വാങ്ങുക. ഇത്  ഇൻഷുറൻസും, നഷ്ടപരിഹാരവും ലഭിക്കാൻ സഹായകരമാകും. 

കൂടുതൽ വിവരങ്ങൾക്ക് – http://www.safeworkaustralia.gov.au/sites/SWA


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x