ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് കൊണ്ട് ചില നല്ല ഗുണങ്ങളുണ്ട്. വിവിധ ഭാഷയിലെ അറിവ് മൂലം ലഭിക്കുന്ന അഞ്ച് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
പ്രവാസികൾ തീർച്ചയായും ഒന്നിൽ കൂടുതൽ ഭാഷകളുമായി ഇടപഴകേണ്ടി വരുന്നവരാണ്. മറുനാട്ടിൽ ജീവിക്കേണ്ടി വരുമ്പോൾ ആ നാടിന്റെ ഭാഷയും സംസ്കാരവും ഉൾക്കൊള്ളേണ്ടതായി വന്നേക്കും എന്നതിനൊപ്പം മറുനാട്ടിൽ കഴിയേണ്ടി വരുന്ന പ്രവാസികളുടെ മക്കൾക്ക് ആ നാട്ടിലെ ഭാഷയ്ക്കൊപ്പം മാതൃഭാഷയും പഠിക്കേണ്ടതായും വന്നേക്കും. എന്നാൽ ചില രക്ഷിതാക്കൾ മലയാളം മക്കൾക്ക് അറിഞ്ഞിരിക്കേണം എന്ന കാര്യത്തിൽ നിർബന്ധം പിടിച്ചേക്കില്ല. പക്ഷേ ഇക്കാര്യത്തിൽ അൽപ്പം നിർബന്ധം ഒക്കെ ആകാവുന്നതാണെന്നാണ് ഗവേഷകർ പറയുന്നത്. കാരണം ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് കൊണ്ട് ചില നല്ല ഗുണങ്ങൾ ഉണ്ടെന്നത് തന്നെ. അത്തരത്തിൽ പല ഭാഷയിലെ അറിവ് മൂലം ലഭിക്കുന്ന അഞ്ച് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
1.ബുദ്ധിവികാസം
ബുദ്ധിവികസിക്കും എന്നത് തന്നെയാണ് ഒന്നിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം. ഒന്നിൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുന്നത് വഴി തലച്ചോറിന്റെ ആരോഗ്യം വർധിക്കുകയും അതുവഴി പ്രായാധിക്യം കൊണ്ടുണ്ടാകാവുന്ന രോഗങ്ങളെ ചെറുത്തു നിറുത്താനും സാധിക്കും. ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾ ബാധിക്കാതിരിക്കാൻ ഒന്നിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുമുണ്ട്.
2. കുട്ടികളിൽ
മുൻധാരണകൾ കുറവായതിനാൽ മുതിർന്നവരേക്കാൾ എളുപ്പത്തിൽ ഭാഷകൾ പഠിക്കാൻ കുട്ടികൾക്കാകും. പ്രവാസ ജീവിതം നയിക്കുന്നവരുടെ മക്കൾ വിദേശരാജ്യങ്ങളിൽ ആ നാട്ടിലെ ഭാഷ പഠിക്കുന്നതിനൊപ്പം മാതൃഭാഷ കൂടി പഠിക്കുന്നുവെങ്കിൽ അവർക്ക് വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ബുദ്ധിവികാസം ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
3. ജോലി സാധ്യത
പല ഭാഷകൾ അറിയുന്നത് കൊണ്ടുള്ള വളരെ പ്രകടമായ ഗുണം ജോലി സാധ്യത വർധിപ്പിക്കാൻ അതൊരു പ്രധാന കാരണമാകും എന്നതാണ്. ആശയവിനിമയ മേഖലകളിലെ തൊഴിൽ സാധ്യത ഇത്തരക്കാർക്ക് ഒരു ഭാഷ അറിയുന്നവരേക്കാൾ വളരെ കൂടുതലാണ്. അതിനാൽ ചെറുപ്പം മുതൽ തന്നെ കുട്ടികളെ ഇതര ഭാഷ സംസാരിക്കുവാനും മനസിലാക്കുവാനും പഠിപ്പിക്കുന്നത് നന്നായിരിക്കും. പ്രവാസികൾ വീട്ടിൽ മാതൃഭാഷയിൽ സംസാരിക്കുകയാണെങ്കിൽ സ്കൂളിൽ പഠിക്കുന്ന ഭാഷയ്ക്ക് പുറമെ മാതൃഭാഷയിലും കുട്ടിയ്ക്ക് പരിജ്ഞാനം ഉണ്ടാകുന്നതാണ്.
4. സംസ്കാരങ്ങളുമായുള്ള ഇടപഴക്കം
ഭാഷ ഒരു സംസ്കാരത്തിന്റെ നട്ടെല്ലാണെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ മറ്റൊരു നാടിന്റെ ഭാഷ പഠിക്കുക എന്നത് ആ നാടിന്റെ സംസ്കാരം അറിയുവാനും ഉൾക്കൊള്ളുവാനുമുള്ള മാർഗം കൂടിയാണ്.
5. കൂടുതൽ ഭാഷകൾ പഠിക്കാനുള്ള ശേഷി
മാതൃഭാഷയ്ക്ക് പുറമെ മറ്റൊരു ഭാഷ പഠിച്ച ഒരാൾക്ക് കൂടുതൽ ഭാഷ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ ഭാഷ അറിയാം എന്നതിനർത്ഥം നിങ്ങൾക്ക് മറ്റു ഭാഷകൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ശേഷി ഉണ്ടെന്ന് കൂടിയാണ്. കൂടുതൽ ആളുകളുമായി ഇടപഴകാനും ഇത് കാരണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.