വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്.
വിമാനയാത്ര ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രാമാർഗമാണെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ എല്ലായിപ്പോഴും ഇത് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സഹായകമാകുന്ന ചില നിബന്ധനകളും മറ്റുമുണ്ട് താനും. ഇതാകട്ടെ വിമാനകമ്പനികൾ യാത്രക്കാർക്ക് മുന്നിൽ വെളിപ്പെടുത്തിക്കൊള്ളണമെന്നില്ല.
ഫ്ലൈറ്റ് ഷെഡ്യൂൾ പെട്ടെന്ന് മാറ്റുമ്പോൾ മുഴുവൻ തുകയും തിരികെ കിട്ടും
ഫ്ലൈറ്റ് ഷേഡ്യൂളിൽ കമ്പനികൾ പെട്ടെന്നാണ് മാറ്റം വരുത്തുന്നതെങ്കിൽ അത്തരം അവസരങ്ങളിൽ നിങ്ങൾ ടിക്കറ്റിനായി നൽകിയ മുഴുവൻ തുകയും തിരികെ നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ഒരു വിമാനയാത്ര, ആ ഫ്ലൈറ്റ് ഒരാഴ്ച മുമ്പൊക്കെയാണ് കമ്പനി കാൻസൽ ചെയ്യുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആൾക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.
ബാഗുകൾ കിട്ടാൻ വൈകിയാൽ നഷ്ടപരിഹാരം
പരിശോധനയ്ക്ക് പോകുന്ന യാത്രക്കാരുടെ ബാഗുകൾ നഷ്ടപ്പെട്ടാലോ സാധാരണയിൽ കൂടുതൽ വൈകിയാലോ സാമ്പത്തികമായ നഷ്ടപരിഹാരം യാത്രക്കാരന് ലഭിക്കുന്നതാണ്. എന്നാൽ സാധാരണയായി ഇത്തരം അവസരങ്ങളിൽ വിമാനക്കമ്പനികൾ കുറഞ്ഞ നഷ്ടപരിഹാരമോ ഭാവിയിൽ യാത്ര ചെയ്യാനുള്ള ട്രാവൽ വൗച്ചറോ നൽകി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്.
വിമാനം വൈകിയാൽ നഷ്ടപരിഹാരം
യൂറോപ്യൻ യൂണിയനിലൊക്കെ വിമാനം അനൗൺസ് ചെയ്ത സമയത്തേക്കാൾ മൂന്ന് മണിക്കൂറിലധികം വൈകിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ വകുപ്പുണ്ട്. എയർലൈനിന്റെ കുറ്റം കൊണ്ട് വൈകിയാലാണ് ഈ നഷ്ടപരിഹാരം ലഭിക്കുക. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ വിമാന കമ്പനികൾ വൗച്ചറുകൾ ഒക്കെ യാത്രക്കാർക്ക് നൽകുകയാണ് പതിവ്. പക്ഷേ നിങ്ങൾക്ക് അതിൽ കൂടുതൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. അതിനാൽ അർഹമായ നഷ്ടപരിഹാരം ചോദിച്ച് വാങ്ങുക.
നിങ്ങൾ യാത്ര ചെയ്യേണ്ടതല്ലാത്ത വിമാനത്തിൽ 3 മണിക്കൂറിലധികം ഇരിക്കേണ്ടതില്ല
ഷെഡ്യൂൾ ചെയ്ത സമയത്ത് യാത്ര ചെയ്യേണ്ട വിമാനത്തിന് പുറപ്പെടാനായില്ലെങ്കിൽ അഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മൂന്ന് മണിക്കൂറിലധികമോ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളിൽ നാല് മണിക്കൂറിൽ അധികമോ യാത്രക്കാരെ ഇരുത്തരുതെന്ന് യു.എസ്.എ ട്രാൻസ്പോർട്ട് വകുപ്പിന്റെ നിർദേശമുണ്ട്. അതേസമയം യുകെയിലോ യൂറോപ്യൻ യൂണിയനിലോ ഇത്തരം നിബന്ധനകൾ ഇല്ല.
ടിക്കറ്റുകളും റസീറ്റുകളും എല്ലാം സൂക്ഷിക്കുക
വിമാനയാത്രക്കിടെ എന്തെങ്കിലും പ്രശ്നമോ അതൃപ്തിയോ ഉണ്ടായെങ്കിൽ അക്കാര്യം സംബന്ധിച്ച് പരാതി നൽകാവുന്നതാണ്. പരാതി ക്ലെയിം ചെയ്യണമെങ്കിലും അതിനനുസരിച്ചുള്ള രേഖകൾ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. അതിനാൽ ടിക്കറ്റുകൾ, റസീറ്റുകൾ തുടങ്ങിയവയെല്ലാം സൂക്ഷിച്ച് വെക്കേണ്ടതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.