Currency

നോർക്കയിൽ രെജിസ്റ്റർ ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

സ്വന്തം ലേഖകൻSunday, November 20, 2016 2:05 pm

വിദേശത്തും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് (Non Resident Keralites Affairs Department ) അഥവാ നോർക്ക. നിരവധി ക്ഷേമപദ്ധതികളാണ് പ്രവാസികള്‍ക്കായി നോര്‍ക്ക രൂപം നല്‍കിയിട്ടുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം

ഇന്‍ഷുറന്‍സ് പരിരക്ഷ

നോര്‍ക്കയില്‍ അംഗമായ ഓരോ വ്യക്തിക്കും രണ്ടുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ആംഗമായ വ്യക്തി അപകടത്തിൽ മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. പൂർണ്ണമായോ ഭാഗികമായോ അംഗഭംഗം സംഭവിക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം

തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) ലഭിക്കുന്നതാണ്. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക്സന്ദർശിക്കുക.

പ്രവാസികൾക്കും ആശ്രിതർക്കും ചികിത്സാസഹായം

രണ്ടുവര്‍ഷം വരെ പ്രവാസികളായവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ചികിത്സാ ചെലവിന് സഹായം ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ഈ സഹായത്തിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഗുരുതര രോഗമുള്ള പ്രവാസിക്ക് ചികിത്സ സഹായമായി 50,000 രൂപ വരെയും മറ്റു രോഗങ്ങള്‍ക്ക് 20,000 രൂപ വരെയും വീല്‍ചെയറിന് 15,000 രൂപയുംസഹായമായി നൽകിവരുന്നുണ്ട്. വിദേശത്തുവെച്ച്‌ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്ക നല്‍കുന്നതായിരിക്കും.

വിവാഹ സഹായം

രണ്ടുവര്‍ഷം വരെ പ്രവാസികളായവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിവാഹ സഹായമായി 15,000 രൂപ വരെ നൽകുന്നതായിരിക്കും.

നിയമസഹായം ലഭ്യമാക്കും

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് അതത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളുടെ സഹകരണത്തോടെ നിയമസഹായം നല്‍കുന്ന പ്രവാസി നിയമ സഹായസെല്‍ നോർക്കയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x