2021ലെ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ലമെന്റ് പങ്കാളിത്തം, ജനനത്തിലെ ലിംഗനിരക്ക്, സാക്ഷരത, പ്രാഥമിക വിദ്യഭ്യാസ പ്രവേശനം എന്നീ സൂചികകളില്‍ ലോകത്തെ ഒന്നാം സ്ഥാനം യു.എ.ഇക്ക് ലഭിച്ചു. ലിംഗസമത്വത്തെ കുറിച്ച് ആഗോള സൂചികകള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ 70 ശതമാനത്തിലേറെ ലിംഗവ്യത്യാസം മറികടക്കാന്‍ രാജ്യത്തിന് സാധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
വാഹനത്തില്‍ ഡ്രൈവര്‍ തനിച്ചാണെങ്കില്‍ മാസ്ക് ധരിക്കാത്തതിനു പിഴ ചുമത്തില്ലെന്നു പൊലീസ്. പിഴ ചുമത്തിയതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസ് സേവനകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. ഇക്കാരണത്താല്‍ വാഹനത്തിന്റെ ലൈസന്‍സ് പുതുക്കുന്നതു തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ദുബായില്‍ സ്വകാര്യ സ്കൂളുകളില്‍ അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച് സമയക്രമം തീരുമാനിക്കാന്‍ സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആരാധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്ന ദിനരാത്രങ്ങളായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്, അസൈന്മെന്റുകള് എന്നിവ നല്കുന്നതില് ഇളവ് ഉറപ്പാക്കണം.
മെട്രോ സംവിധാനങ്ങളും സര്‍വീസുകളും വിദൂരമായി നിരീക്ഷിച്ച് വിലയിരുത്തുന്നതിന് അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യയൊരുക്കി ദുബായ്. റൂട്ട് 2020 ശൃംഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സംവിധാനം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മിത ബുദ്ധി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡാറ്റകള്‍ തുടര്‍ച്ചയായി വിശകലനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
ഗവണ്മെന്റ് മുന്നോട്ടുവെച്ച കടലാസ് രഹിത ലക്ഷ്യത്തില്‍ ചേര്‍ന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വാഹന നിയമലംഘനം, പിഴകള്‍ ഉള്‍പെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകള്‍ നല്‍കുന്നത് ഒഴിവാക്കും. പകരം ഉപഭോക്താക്കള്‍ക്ക് ഇ- ടിക്കറ്റുകള്‍ നല്‍കുമെന്ന് ആര്.ടി.എ അറിയിച്ചു.
ഇന്നും നാളെയും പൊടിക്കാറ്റുണ്ടായേക്കും. കടല്‍ പ്രക്ഷുബ്ധമാകും. അന്തരീക്ഷ ഈര്‍പ്പം ഉയരും. രാത്രികാലങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. കിഴക്കന്‍ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും ഇന്നു പുലര്‍ച്ചെ മൂടല്‍മഞ്ഞ് ഉണ്ടാകും.
ക്വാറന്റീന് വേണ്ടാത്ത എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു എമിറേറ്റിലെ വിമാനങ്ങള്‍ സര്‍വീസ് നടത്തും. സീ ഷെല്‍സ്, മാല്‍ദീവ്സ്, യെരേവന്‍, ദിബീല്സി, കെയ്വ്, ഇസ്തംബുള്‍, താഷ്ക്കന്റ്, നയ്റോബി എന്നിവിടങ്ങളിലേക്കാണു സര്‍വീസ്.
രാജ്യത്ത് ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ദുബായ് രാജ്യാന്തര വിമാനത്താവള പരിധിയില്‍ ഡ്രോണുകള്‍ കടന്നു വന്നത് വിമാന സര്‍വീസുകളെ ബാധിച്ചതിനെ തുടര്‍ന്നാണു നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിമാനത്താവളത്തിന്റെ 5 കിലോമീറ്റര്‍ പരിധിയില്‍ അനുവാദമില്ലാതെ ഡ്രോണുകളും മറ്റും കടന്നുവരുന്നത് നിരോധിച്ചു.
അല്‍ഖൂസ് സ്കൂള്‍ ട്രാന്‍സ്പോര്‍ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടി(34)ലിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്.
റമദാന് ടെന്റുകള്‍ക്കും ഇഫ്താര്‍, സംഭാവനകള്‍ എന്നിവയ്ക്കായി തയ്യാറാക്കുന്ന ടെന്റുകള്‍ക്കും പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പള്ളികളില്‍ തറാവീഹ് നമസ്കാരം അനുവദിക്കും. എന്നാല്‍ ഇശാഅ്, തറാവീഹ് നമസ്കാരങ്ങള്‍ പരമാവധി 30 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം.