കാസര്‍കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള കാസര്‍കോട് നിരീക്ഷണത്തില്‍ കഴിയുന്നവരെ താമസിപ്പിക്കുവാൻ ഹോട്ടൽ മുറികളും സൗകര്യങ്ങളും വിട്ടുനല്‍കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ഡോ. പിഎ ഇബ്രാഹിം ഹാജി. കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന ത്രീസ്റ്റാര്‍ ഹോട്ടലായ സെഞ്ച്വറി പാര്‍ക്കാണ് ആരോഗ്യ വകുപ്പിന് ഐസൊലേഷന്‍ കേന്ദ്രമാക്കാന്‍ വിട്ടുനല്‍കിയത്. അസൗകര്യങ്ങളാല്‍ വീര്‍പ്പമുട്ടുന്ന കാസര്‍കോടിനു ഈ തീരുമാനം വലിയൊരു അനുഗ്രഹമായിട്ടുണ്ട്.
ഏഴുനില കെട്ടിടത്തിലെ മൂന്നു നിലകളിലായുള്ള 88 മുറികളാണ് അധികൃതര്‍ക്ക് കൈമാറിയിട്ടുള്ളത്. രണ്ടു കട്ടിലും കിടക്കകളുമാണ് ഓരോ മുറിയിലുമുള്ളത്. ചൂടുവെള്ളം ഉള്‍പ്പെടെ കിട്ടുന്നത്തിനുള്ള സംവിധാനവും 45000 ലീറ്റര്‍ വെള്ളം സംഭരിക്കാവുന്ന സംഭരണിയും കെട്ടിടത്തിലുണ്ട്. ലിഫ്റ്റ് സൗകര്യവുമുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കുന്നതിനായി ഹോട്ടല്‍ സെഞ്ച്വറി പാര്‍ക്ക് ആരോഗ്യ വകുപ്പിന് വിട്ടുനൽകാനുള്ള തീരുമാനത്തോട് പാട്ട്ണര്‍മാരായ കെ എം ഹനീഫയും സി ഐ അബ്ദുല്ലക്കുഞ്ഞിയും പൂർണ പിന്തുണയും നൽകി.
ഗർഷോം രാജ്യാന്തര പുരസ്കാര ജേതാവായ ഡോ. പി എ ഇബ്രാഹിം ഹാജി ഇന്ത്യയിലും വിദേശത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവ സാന്നിധ്യമാണ്. കാസര്‍കോട് പള്ളിക്കര സ്വദേശിയായ ഇബ്രാഹിം ഹാജി ദുബായ് ആസ്ഥാനമായ പേസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മലബാർ ഗോൾഡിന്റെ കോ ചെയർമാനുമാണ്.
Dr. Ibrahim Haji gives hotel for isolation ward in Kasaragod
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.