
ദമാം: മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കവിഞ്ഞ പശ്ചാത്തലത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഉള്‍പ്പടെ ആരോഗ്യ സംവിധാനം ദുര്‍ബലമായ രാജ്യങ്ങളില്‍ കൊവിഡ് ബാധ പടര്‍ന്നാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. ഇവിടങ്ങളില്‍ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് എന്നതാണ് ലോകാരോഗ്യസംഘടനയെ ആശങ്കയിലാക്കുന്നത്.
”ഏറ്റവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഏറ്റവും ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളിലാണ്. ശക്തമായ ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങള്‍ തന്നെ രോഗവ്യാപനം പടര്‍ന്ന് പിടിക്കുന്നത് കണ്ട് അങ്കലാപ്പിലാണ്”, എന്ന് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ അഹ്മദ് അല്‍- മന്ധാരി പറയുന്നു.
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതി നിര്‍ണായക ഘട്ടത്തിലെന്ന് പറയുന്ന ലോകാരോഗ്യ സംഘടന, യുഎഇയും സൗദിയും ഖത്തറും ശക്തമായ പ്രതിരോധ നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നല്കുന്നു.
ഇറാനിലൊഴികെ, മിഡില്‍ ഈസ്റ്റില്‍ പൊതുവെ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് കരുതപ്പെട്ടിരുന്നത്. യൂറോപ്പിനെയും അമേരിക്കയെയും ഏഷ്യയെയും താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ച്. എന്നാല്‍ ഈ രാജ്യങ്ങളില്‍ പലതിലും കൊവിഡ് രോഗബാധിതരുടെ എണ്ണം വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ തന്നെ വിലയിരുത്തുന്നത്.
രണ്ടു ദിവസത്തിനിടെ 450 പേരിലാണ് യുഎഇയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1444 ആയി. ഖത്തറില്‍ 1075 പേരിലും, സൗദി അറേബ്യയില്‍ 2039 പേരിലും രോഗം സ്ഥിരീകരിച്ചു. നാല് പേര്‍കൂടി മരിച്ചതോടെ സൗദിയിലെ മരണ സംഖ്യ 19 ആയി. അതേസമയം കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.