Currency

മദ്യപിച്ച് വാഹനമോടിച്ച് സ്കൂള്‍ കുട്ടികളുടെ ജീവന് ഭീഷണിയായ ഡ്രൈവര്‍മാര്‍ അകത്ത്

Saturday, August 27, 2016 2:20 pm

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് രണ്ട് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വലയിലായി. ന്യൂ ഹൊറൈസൺ ഗുരുകുൽ സ്കൂളിലെ ബസ് ഡ്രൈവർമാരായ കൃഷ്ണ, വെങ്കടസ്വാമി എന്നിവരെയാണ് ട്രാഫിക് പോലീസ് വിൽസൻ ഗാര്‍ഡന് അടുത്തായി അറസ്റ്റ് ചെയ്തത്.

ബെംഗളുരു: മദ്യലഹരിയില്‍ വാഹനമോടിച്ചതിന് രണ്ട് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വലയിലായി. ന്യൂ ഹൊറൈസൺ ഗുരുകുൽ സ്കൂളിലെ ബസ് ഡ്രൈവർമാരായ കൃഷ്ണ, വെങ്കടസ്വാമി എന്നിവരെയാണ് ട്രാഫിക് പോലീസ് വിൽസൻ ഗാര്‍ഡന് അടുത്തായി അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ റോഡ്‌ നിയമങ്ങള്‍ കൃത്യമായി അനുസരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാനുള്ള റെയ്ഡിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ഥികളെ വഹിച്ചുകൊണ്ട് വിനോദയാത്രയ്ക്കായി കടുബീസനഹള്ളിയില്‍ നിന്ന് ലാല്‍ബാഗിലേക്കെത്തിയ രണ്ട് ബസ്സുകളാണ് ഇങ്ങനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയില്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.

81 വിദ്യാര്‍ത്ഥികളാണ് രണ്ട് ബസ്സുകളിലായി ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പാണ്‌ രാത്രിയില്‍ മാത്രം പരിശോധന നടത്തിയിരുന്ന പോലീസ് പകലും പരിശോധന തുടരാന്‍ തീരുമാനിച്ചത്. അടുത്തിടെ ചിക്കബെല്ലാപുരയിലും മാറ്റ് പലയിടങ്ങളിലുമായി സ്കൂള്‍ ബസുകള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പോലീസ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിഴ മോട്ടോര്‍ വാഹന നികുതി നിയമത്തിനനുസരിച്ച് 2000 രൂപയാണ്. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം ഈ തുക 10,000 രൂപയായി ഉയര്‍ത്താന്‍ നിര്‍ദേശം വച്ചിട്ടുണ്ട്.

പോലീസ് പരിശോധന രാത്രിസമയങ്ങളില്‍ മാത്രമേ കാണൂ എന്ന ധാരണയില്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും പകല്‍ സമയങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നു. ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചതാണ് പോലീസിനെ ഇങ്ങനെയൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഇതിനു സമാനമായ കേസുകള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച അള്‍സുരു ഗേറ്റ് ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ സ്കൂള്‍ വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ 7.30ന് ബിഷപ്‌ കോട്ടണ്‍ സ്കൂളിലെ 30 വിദ്യാര്‍ത്ഥികളുമായി പോവുകയായിയിരുന്ന വാന്‍ നൃപതുംഗ റോഡില്‍ വച്ച് പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതില്‍ മഞ്ജു എന്ന ഡ്രൈവറും കുടുങ്ങി. അളവില്‍ കവിഞ്ഞ വേഗതയില്‍ പായുകായിരുന്നു സ്കൂള്‍ വാന്‍. ഇത് കണ്ടുണ്ടായ പരിശോധനയിലാണ് മഞ്ജുവിന് ഡ്രൈവിംഗ് ലൈസന്‍സോ സ്കൂള്‍ വാനിനു പെര്‍മിറ്റോ ഇല്ലെന്ന വസ്തുത തെളിഞ്ഞത്.

സമാനമായ കുറ്റത്തിന് അഡുഗോഡിയിലും സ്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്‍റെ അഭിപ്രായമനുസരിച്ച് സ്കൂള്‍ ബസ്സുകള്‍ മാത്രമല്ല മാറ്റ് വാഹങ്ങള്‍, ഓട്ടോ, കാബ്, ബസ് ഡ്രൈവര്‍മാരും ഇത് പതിവാക്കുന്നുണ്ട്. 1700ല്‍ അധികം ഓട്ടോ ഡ്രൈവര്‍മാരും നാനൂറോളം ടാക്സി-വാന്‍ ഡ്രൈവര്‍മാരുമാണ് ജനുവരി മുതല്‍ പോലീസ് പിടിയിലായത്. അലക്ഷ്യമായും അളവില്‍ കവിഞ്ഞ വേഗതയില്‍ അപകടകരമായി വാഹനമോടിക്കുന്നവരെയും പിന്തുടര്‍ന്ന്‍ നടത്തിയ തിരച്ചിലിലാണ് ഡ്രൈവര്‍മാര്‍ മിക്കവാറും മദ്യലഹരിയിലാണ് വാഹനം നിയന്ത്രിക്കുനതെന്ന് വ്യക്തമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x