
ദുബായ്: ദുബായ് റോഡ് ഗതാഗത അതോറിറ്റി പഠനവിധേയമാക്കിവരുന്ന പുതിയ ഗതാഗത ആസൂത്രണ പദ്ധതിയില്‍ സ്‌കൂള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാകും. മേഖലയുടെ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതും റോഡില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കും പദ്ധതി. പുതിയ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള സ്‌കൂള്‍ ബസ് ഗതാഗത മാന്വല്‍ പരിഷ്‌കരിക്കുമെന്ന് ആര്‍.ടി.എയുടെ പൊതു ഗതാഗത ഏജന്‍സി സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ പറഞ്ഞു.
വിവിധ സര്‍വേകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക. സ്‌കൂള്‍ ബസുകള്‍ സ്പീഡ് ക്രമീകരണം മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വരെയുള്ള എല്ലാ വിധ മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ആര്‍.ടി.എയുടെ നിബന്ധന. ബസ് ഡ്രൈവര്‍മാര്‍ക്കും ബസിലെ അറ്റന്‍ഡര്‍മാര്‍ക്കും മികച്ച പരിശീലനം വേണം.
കഴിഞ്ഞ വര്‍ഷം ബസുകളില്‍ സീറ്റ് ക്രമീകരണം 3+2 എന്ന രീതിയിലേക്ക് മാറ്റുകയും ജി.പി.എസ് ട്രാക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം സ്‌കൂള്‍ ബസുകളില്‍ ജാലക കര്‍ട്ടനുകള്‍ നിരോധിച്ചിട്ടുണ്ട്. കര്‍ശനമായ നിയമം കാരണം 2015 മുതല്‍ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെട്ട വന്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.