കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ ഏഴ് മുതല്‍ കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസ്സുകളിലും സീറ്റുകള്‍ ലഭ്യമല്ല
പൂജ അവധി പ്രമാണിച്ച് നാട്ടിലേക്ക് വരുന്ന മലയാളികളുടെ കാര്യം കഷ്ടത്തിലാണ്. കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ ഏഴ് മുതല്‍ കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസ്സുകളിലും സീറ്റുകള്‍ ലഭ്യമല്ല.
കര്‍ണാടക ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ആഘോഷങ്ങളിലൊന്നാണ് വിജയദശമി. ഈ സമയങ്ങളില്‍ സ്കൂളുകള്‍ പത്ത് ദിവസത്തോളം അടച്ചിടാറുണ്ട്. തിരക്ക് കൂടുവാനുള്ള പ്രധാന കാരണമിതാണ്. ഞായറാഴ്ചത്തെ ടിക്കറ്റ് നില വച്ച് നോക്കുമ്പോള്‍ കന്യാകുമാരി എക്സ്പ്രസ്സില്‍ ഒക്ടോബര്‍ ഏഴിന് 301 ആണ് വെയ്റ്റിംഗ് ലിസ്റ്റ്. എട്ടിന് 299, ഒന്‍പതിന് 122, പത്തിന് 38 എന്നിങ്ങനെയാണ് വെയ്റ്റിംഗ് ലിസ്റ്റ്. സാധാരണയായി തിരക്ക് താരതമ്യേന കുറവുള്ള ഏറണാകുളം എക്സ്പ്രസ്സില്‍ കടുത്ത തിരക്കാണ്. ഏഴിന് 83, എട്ടിന് 240, ഒമ്പതിന് 141 എന്നിങ്ങനെയാണ് വെയ്റ്റിംഗ് ലിസ്റ്റ്.
കൊച്ചുവേളി എക്സ്പ്രസ്, യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്, എന്നിങ്ങനെ എല്ലാ വണ്ടികളുടെ കാര്യത്തിലും ഇത് തന്നെയാണവസ്ഥ. കേരള, കര്‍ണാടക ആര്‍.ടി.സി ബസുകളിലും ഈ ദിവസങ്ങളിലെ ഏതാണ്ട് എല്ലാ സീറ്റുകളും തന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. പൂജ അവധി കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യുടെ വകയായി സ്പെഷ്യല്‍ ബസുകള്‍ വിടുമെന്നാണ് യാത്രക്കാര്‍ കരുതുന്നത്.
എന്നാല്‍ സ്പെഷ്യല്‍ ബസുകളില്ലെങ്കില്‍ ഭീമമായ തുക കൊടുത്ത് സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ മാത്രമാണ് ഇവര്‍ക്ക് സാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.