Currency

കോവിഡിന്റെ പുതിയ വകഭേദം; നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ നീട്ടി ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Friday, February 19, 2021 4:23 pm

മനാമ: ബഹ്‌റൈനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ മൂന്നാഴ്ചക്കാലത്തേക്ക് കൂടി നീട്ടിയതായി നാഷണല്‍ മെഡിക്കല്‍ ടീമാണ് അറിയിച്ചത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ക്ലാസുകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം ഉണ്ടാകില്ല. ഓണ്‍ലൈന്‍ പഠനം പതിവുപോലെ തുടരും.

സര്‍ക്കാര്‍ ഓഫീസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. ഇന്‍ഡോര്‍ ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങള്‍ക്ക് പുറത്തുള്ള കായിക പരിശീലനങ്ങള്‍ 30 പേരില്‍ അധികമാകാതെ നടത്താം. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരില്‍ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ ടീം ആഹ്വാനം ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഏഴിനാണ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. അന്ന് ഫെബ്രുവരി 21 വരെയുള്ള കാലയളവിലേക്കായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഇപ്പോള്‍ വീണ്ടും മൂന്നാഴ്ച നീട്ടിയിരിക്കുന്നത്. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് പരിഗണിച്ചാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x