മനാമ: ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. കോവിഡ് മുക്തമായവര്‍ക്കും ഇളവ് ലഭിക്കും. ഇന്‍ഡോര്‍ ഡൈനിംഗ് സൗകര്യങ്ങള്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും.
കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്. ഇത് പ്രകാരം ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന, വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കും.
യാത്രക്കാര്‍ തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ‘ബി അവെയര്‍’ മൊബൈല്‍ അപ്‌ളിക്കേഷന്‍ വഴി ഹാജരാക്കണം. ഈദ് മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുവാദം കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും കോവിഡില്‍ നിന്ന് വിമുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഈ വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ‘ബി അവെയര്‍’ആപ്പില്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളുകള്‍, ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഇന്‍ഡോര്‍ ജിംനേഷ്യങ്ങള്‍, സ്പാ, ഇന്‍ഡോര്‍ വിനോദ ശാലകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകള്‍ ബാധകമാണ്.
അതേസമയം സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറന്റുകളിലും കഫേകളിലും എല്ലാവര്‍ക്കും പുറത്ത് ഭക്ഷണം നല്‍കാവുന്നതാണ്. ഔട്ട്‌ഡോര്‍ ജിംനേഷ്യം, കളി മൈതാനങ്ങള്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, ഔട്ട്‌ഡോര്‍ വിനോദ ശാലകള്‍, ഔട്ട്‌ഡോര്‍ സിനിമാ ഹാളുകള്‍ എന്നിവക്കും ഇത് ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.