പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും അക്രമം നടക്കുന്ന സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്.
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് ഫ്രഞ്ച് വിദ്യാര്‍ഥികളുമുണ്ട്. ഇന്നലെ വൈകുന്നേരമാണ് വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്ന് കരുതുന്ന കാര്‍ ഇടിച്ചു പരുക്കേറ്റ രണ്ട് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. അതേസമയം അക്രമിയെ പൊലീസ് വെടിവച്ചുവീഴ്ത്തുകയായിരുന്നു. എന്നാല്‍ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ വെച്ച് മരിച്ചു.
അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇസ്‌ലാമിക് ഭീകരവാദ’വുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബ്രസല്‍സില്‍ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിനാണ് ലണ്ടനിലെ സംഭവം. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഇന്നലെ വൈകിട്ട് 2.40നായിരുന്നു അക്രമങ്ങളുടെ തുടക്കം. അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരുകാര്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നീട് അക്രമി കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയും മറ്റൊരു പൊലീസുകാരനെ വെടിവച്ചുവീഴ്ത്തുകയുമായിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും അക്രമം നടക്കുന്ന സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടന്‍ നഗരത്തിലെങ്ങും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അക്രമിയോടൊപ്പം കൂടുതല്‍ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പാര്‍ലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതവും നിരോധിച്ചു. ലണ്ടന്‍ ഐ ഉള്‍പ്പെടെ പാര്‍ലമെന്റിനു സമീപമുള്ള വിനോദോപാധികളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.