Currency

കുട്ടികളില്‍ നല്ല ആരോഗ്യം വാര്‍ത്തെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍Tuesday, January 3, 2017 3:31 pm

കുട്ടികളുടെ വളര്‍ച്ചയും വികാസവും കൂടുതല്‍ വേഗത്തില്‍ നടക്കുന്നത് ജനനം മുതല്‍ ഒരുവയസുവരെയാണ്. ഈ കാലയളവില്‍ നല്‍കുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യം വാര്‍ത്തെടുക്കുന്നതിന്റെ അടിസ്ഥാനം. ആരോഗ്യമുള്ള ഒരു കുഞ്ഞ് അഞ്ചു മാസം ആകുമ്പോള്‍ ജനനസമയത്തുള്ള തൂക്കത്തിന്റെ രണ്ടിരട്ടിയും ഒരു വയസാകുമ്പോള്‍ അതിന്റെ മൂന്നിരട്ടിയും ആകും. ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ഒരു വയസിനുശേഷം മാത്രമേ പശുവിന്‍പാല്‍ നല്‍കി തുടങ്ങാന്‍ പാടുള്ളൂ. കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് ആഹാരം നല്‍കുന്നതിനുള്ള ഇടവേള കൂട്ടുക. നിര്‍ബന്ധിച്ച് ആഹാരം നല്‍കുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് ആഹാരം നല്‍കുന്നതാണ് ഉചിതം. വീട്ടില്‍ തയ്യാറാക്കുന്ന ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ് ഏറെ നല്ലത്. പുതിയ ആഹാരസാധനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുമ്പോള്‍ ഒരു ആഴ്ച ഇടവിട്ട് ഓരോന്നായി നല്‍കുക.

ശൈശവകാലഘട്ടത്തിലെ ആഹാരരീതികള്‍: ജനനം മുതല്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. ആറാം മാസം മുതല്‍ കൂവരക്, പനം കല്‍ക്കണ്ടോ കരിപ്പട്ടിയോ ചേര്‍ത്ത് കുറുക്കി നല്‍കിത്തുടങ്ങാം. പശുവിന്‍പാലിന് പകരം തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറുക്കുന്നതാണ് നല്ലത്. ഒരുവയസിനുശേഷം മാത്രം പശുവിന്‍ പാല്‍ നല്‍കുക. തൂക്കം കുറവുള്ള കുഞ്ഞുങ്ങളാണെങ്കില്‍ കുറുക്ക് തയ്യാറാക്കുമ്പോള്‍ അതിലേക്ക് ഒരു തുള്ളി നെയ് ചേര്‍ത്ത് കൊടുക്കാം. ഏത്തയ്ക്കാപ്പൊടിയും ഇതുപോലെ തയ്യാറാക്കി കുഞ്ഞുങ്ങള്‍ക്ക് നല്‍കാം. ആദ്യം നല്‍കുമ്പോള്‍ 1-2 സ്പൂണ്‍ നല്‍കുക. ക്രമേണ അളവ് കൂട്ടി അര കപ്പ് വീതം ദിവസം ഒന്നുരണ്ട് തവണ നല്‍കാം. മുലപ്പാലും ഇടവിട്ട് നല്‍കണം. പഴവര്‍ഗങ്ങളുടെ ജ്യൂസും അല്പം കൊടുത്ത് തുടങ്ങാം. ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലില്‍ നിന്നുമാത്രം ആവശ്യമുള്ള അയണ്‍ കിട്ടുകയില്ല.

6 മാസം മുതല്‍ 9 മാസം വരെ:ആറുമാസത്തിനുശേഷം വീട്ടില്‍ തയ്യാറാക്കുന്ന ആഹാരസാധനങ്ങള്‍ ഓരോന്നായി നല്‍കിത്തുടങ്ങാം. വേവിച്ചുടച്ച ചോറ്, വേവിച്ചുടച്ച പച്ചക്കറികള്‍, പച്ചക്കറികളുടെ സൂപ്പ്, പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ്, പയര്‍, പരിപ്പ്, മുട്ടയുടെ മഞ്ഞ, ക്രമേണ മുട്ടയുടെ വെള്ളഭാഗം എന്നിവയെല്ലാം ചെറിയ അളവില്‍ നല്‍കിത്തുടങ്ങാം. ദിവസവും 4-5 പ്രാവശ്യം ആഹാരം നല്‍കിയാല്‍ മതിയാകും. ഇതോടൊപ്പം മുലപ്പാലും ഇടവിട്ട് നല്‍കണം.

9 മുതല്‍ 12 മാസംവരെ:9 മാസത്തിനുശേഷം വീട്ടില്‍ തയ്യാറാക്കിയ പലതരത്തിലുള്ള ആഹാരസാധനങ്ങള്‍ 4 മുതല്‍ 6 പ്രാവശ്യം വരെ നല്‍കാം. ക്രമേണ അളവ് കൂട്ടാം. ഒരുവയസാകുമ്പോള്‍ വീട്ടില്‍ തയ്യാറാക്കുന്ന എല്ലാ ആഹാരവും കുഞ്ഞ് കഴിക്കണം. ചോറിന്റെ കൂടെ മീന്‍ കൊടുത്ത് തുടങ്ങാം. ഒരു വയസ് കഴിയുമ്പോള്‍ ചിക്കന്‍ കൊടുത്തുതുടങ്ങാം. വിവിധ രുചികളില്‍ വ്യത്യസ്തമായ രീതികളില്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം തയ്യാറാക്കി നല്‍കുക. എല്ലാ ദിവസവും ഒരേരുചി കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടുകയില്ല. ഒരുവയസിനുശേഷം പശുവിന്‍ പാല്‍ വെള്ളം ചേര്‍ക്കാതെ ചെറിയ അളവില്‍ നല്‍കിത്തുടങ്ങാം. ക്രമേണ അളവ് കൂട്ടാം.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ആഹാര പ്രശ്‌നങ്ങള്‍:ഒരു നവജാതശിശുവിന് വളരെക്കുറച്ച് ആഹാരം മാത്രമേ സംഭരിച്ച് വയ്ക്കാന്‍ കഴിയുകയുള്ളൂ. ജനിക്കുമ്പോള്‍ 30 മി.ലി. ആണ് വയറിന്റെ സംഭരണശേഷി. ഒരു വയസാകുമ്പോള്‍ ഒരു കപ്പ് ആഹാരം (250 മി.ലി.) ആണ് സംഭരിക്കാന്‍ കഴിയുന്നത്. ഈ പ്രായത്തില്‍ ഇത്രയും അളവ് മതിയാകും. അതേസമയം കുറച്ച് അളവില്‍ കുഞ്ഞുങ്ങള്‍ തികട്ടി കളയാറുണ്ട്. അത് സാധാരണ കാണുന്ന പ്രശ്‌നമാണ്. എന്നാല്‍ കുഞ്ഞ് തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയാണെങ്കില്‍ ഡോക്ടറെ കാണണം. ആവശ്യത്തില്‍ കൂടുതല്‍ ആഹാരം നല്‍കിയാലും ആവശ്യത്തിനുള്ള ആഹാരം കിട്ടാതിരുന്നാലും കുഞ്ഞുങ്ങള്‍ അസ്വസ്ഥത കാണിക്കാറുണ്ട്. ആഹാരം/മുലപ്പാല്‍ നല്‍കുമ്പോള്‍ രണ്ടര മൂന്ന് മണിക്കൂര്‍ എങ്കിലും ഇടവിട്ട് നല്‍കുക. അമിതമായി ആഹാരം നല്‍കിയാലും അത് കുഞ്ഞുങ്ങള്‍ക്ക് വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുഞ്ഞ് ഉറങ്ങുന്ന സമയത്തോ കരയുന്ന സമയത്തോ പാല്‍ കൊടുക്കുന്നത് അപകടകരമാണ്. മലംപിടുത്തം, വയറിളക്കം, അലര്‍ജി എന്നിവയാണ് ശൈശവഘട്ടത്തില്‍ കാണുന്ന ആഹാര പ്രശ്‌നങ്ങള്‍.

ബാക്ടീരിയ, വൈറല്‍ അണുബാധകള്‍, ദഹനക്കുറവ്, തെറ്റായ രീതിയിലുള്ള ആഹാര രീതികള്‍, അലര്‍ജി എന്നിവയാണ് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന വയറിളക്കത്തിന്റെ പ്രധാന കാരണങ്ങള്‍. പാല്‍പ്പൊടി കലക്കി പാല്‍ കുപ്പിയില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുമ്പോള്‍ പാല്‍ കുപ്പി ശരിയായ രീതിയില്‍ വൃത്തിയാക്കിയതല്ലെങ്കില്‍ അതുവഴിയും വയറിളക്കമുണ്ടാകാനിടയുണ്ട്. ചെറിയ വയറിളക്കമാണെങ്കില്‍ ഒആര്‍എസ് വെള്ളം കൊടുക്കാം. കൂടാതെ ഉപ്പിട്ട കഞ്ഞിവെള്ളവും നല്‍കാം. വളരെ കടുത്ത വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടെങ്കില്‍ അപകടകരമാണ്. ഉടനെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x