Currency

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തക ഓടി, ഒരു ജീവന്‍ രക്ഷിക്കാന്‍; വീഡിയോ

സ്വന്തം ലേഖകന്‍Tuesday, August 29, 2017 1:14 pm
Play

ഹൂസ്റ്റണ്‍: വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടത് ശ്രദ്ധേയമാകുന്നു. ജോലിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ മറ്റൊന്നിലും ഇടപെടാന്‍ പാടില്ലെന്നൊരു ചിന്ത ഇതുവരെയുണ്ടായിരുന്നു. എന്നാല്‍ കാലം മാറി, മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളും മാറി വരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും കാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും കാമറാമാന്‍ മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റെ അടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. ക്യാമറാമാനും പുറകെ ഓടി.

പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്‍കി. ഇതേത്തുടന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തുകയും ലോറി ഡ്രൈവറെ രക്ഷിക്കുകയും ചെയ്തു.

അടുത്തിടെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളെ വാരിയെടുത്തോടുന്ന ഫോട്ടോഗഗ്രാഫറുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ തന്റെ കാമറ മാറ്റിവെച്ച് ആംബുലന്‍സ് ലക്ഷ്യമാക്കി കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x