അസോസിയേറ്റ് പ്രസ്സിന്റെ ഗവേഷണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഐസിസ് തീര്‍ത്ത 72ഓളം കുഴിമാടങ്ങളാണ് കണ്ടെത്താന്‍ സാധിച്ചത്.
ഹര്‍ദാര്‍: അസോസിയേറ്റ് പ്രസ്സിന്റെ ഗവേഷണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഐസിസ് തീര്‍ത്ത 72ഓളം കുഴിമാടങ്ങളാണ് കണ്ടെത്താന്‍ സാധിച്ചത്. സിറിയയില്‍ മാത്രമായി 17ഓളം കൂട്ടക്കുഴിമാടങ്ങളാണ് അസോസിയേറ്റ് പ്രസ് കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് അധികാരത്തില്‍ വന്നപ്പോള്‍ തുടച്ചു നീക്കപ്പെട്ട ഒരു ജനതയുടെ നൂറോളം ശവശരീരങ്ങള്‍ അടക്കം ചെയ്ത ഒറ്റക്കുഴിമാടവും ഇതില്‍ പെടുന്നു. 16ഓളം കുഴിമാടങ്ങളിലായി എത്ര ശവശരീരങ്ങളാണ് ഉള്ളതെന്ന്‍ കണക്കു കൂട്ടാന്‍ പോലും പറ്റില്ലെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിക്കോടെ യാതനകള്‍ അതിജീവിച്ചുവന്ന ചിലരുടെ ഓര്‍മകളില്‍ നിന്നുമാണ് മറ്റുള്ളവയിലെ കണക്കുകള്‍ എടുത്തിട്ടുള്ളത്. എങ്കിലും അടക്കം ചെയ്യപ്പെട്ടവരില്‍ തിരിച്ചറിയുന്ന ഇരകളുടെ എണ്ണം 5,200 മുതല്‍ 15,000 വരെയാണ്.
സിന്ജാര്‍ മലനിരകള്‍ കൂട്ടക്കുഴിമാടങ്ങള്‍ക്ക് പ്രശസ്തമാണ്. ചിലത് യസീദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ 2014 ആഗസ്റ്റില്‍ നടന്ന കുരുതിക്ക് ശേഷം ഐസിസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മറ്റ് ചിലത് അതിര്‍ത്തി പ്രദേശങ്ങളിലാണ്.
തലാല്‍ മുററ്റിന്റെ അച്ഛന്‍, അമ്മാവന്‍, സഹോദരങ്ങള്‍ എന്നിവരുടെ ശരീങ്ങള്‍ കൃഷിസ്ഥലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കാര്യങ്ങള്‍ ശരിയാകുന്നത് വരെ കാത്തിരിക്കുകയല്ലാതെ അതിജീവിച്ചവര്‍ക്ക് വേറെ വഴികളില്ല. തന്‍റെ രണ്ടുമക്കളുടെ ശരീരഭാഗങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന കുഴിമാടത്തിനടുത്തു കൂടെ എന്നും റഷോ ക്വാസിം സഞ്ചരിക്കും. അവരുടെ ഭൌതിക അവശിഷ്ടങ്ങള്‍ കൊണ്ടുപോക്കോട്ടേ എന്ന് ചോദിക്കും, എങ്കിലും മറുപടിയുണ്ടാകില്ല. റോഡ് തിരിച്ച് പിടിച്ചെങ്കിലും അഞ്ച് പ്രധാന ഇടങ്ങള്‍ സീല്‍ ചെയ്തിരിക്കുകയാണ്. ആരെങ്കിലും പണവും ഉത്ഖനനം ചെയ്യാനുള്ള രാഷ്ട്രീയ അനുമതിയുമായി വരുന്നത് വരെ അത് അസാധ്യമാണ്.
“ഞങ്ങള്‍ക്ക് അവരെ ഇവിടെ നിന്ന് കൊണ്ടുപോകണം. വെറും അസ്ഥികഷണങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എങ്കിലും അവര്‍ പറഞ്ഞു, പറ്റില്ല, അത് ഇവിടെ തന്നെ കിടക്കേണ്ടതുണ്ട്. ഒരു കമ്മിറ്റി വരും, അതിനു ശേഷം അവരെ നീക്കം ചെയ്യാവുന്നതാണ്.” തന്‍റെ രണ്ട് മക്കളും ഉറങ്ങുന്ന മണ്ണില്‍ നിന്നുകൊണ്ട് ക്വാസിം പറഞ്ഞു. “ഇപ്പോള്‍ രണ്ട് വര്‍ഷമായി, ആരും വന്നില്ല.”
തങ്ങള്‍ ചെയ്ത അരുംകൊലകളെയും ക്രൂരതകളെയും ഐസിസ് മറച്ച് വച്ചിട്ടില്ല. മറിച്ച് അവയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയാണുണ്ടായത്. തുടര്‍ന്ന്‍ കൊണ്ടിരിക്കുന്ന വംശീയ കൊലപാതകങ്ങള്‍ എന്ന നിലയില്‍ നശിച്ചു കൊണ്ടിരിക്കുന്ന കുഴിമാടങ്ങള്‍ കൊലയാളികളെ പിടികൂടുന്നതിനെ മന്ദഗതിയിലാക്കുവാനും സാധ്യതയുണ്ട്.
അസോസിയേറ്റ് പ്രസ് കണ്ടെത്തിയ 72 കുഴിമാടങ്ങളില്‍ ഏറ്റവും ചെറുത് മൂന്ന്‍ ശവശരീരങ്ങളെയും, വലുത് ആയിരക്കണക്കിന് ശരീരങ്ങളെയും വഹിക്കുന്നതായിരുന്നു.
സിന്ജാര്‍ മലനിരകളുടെ വടക്ക് ഭാഗത്തായാണ് ഹര്‍ദന്‍ ഗ്രാമത്തിലെ യുവാക്കളെ അടക്കം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 2014ലെ കൂട്ടക്കൊലയിലാണ് ഇവര്‍ കുരുതി കൊടുക്കപ്പെട്ടത്.
തന്‍റെ ബൈനോക്കുലറിലൂടെ അര്‍ക്കന്‍ ക്വാസിം എല്ലാം കണ്ടിരുന്നു. ഹര്‍ദാന് തൊട്ട് മുകളിലാണ് അവന്റെ ഗ്രാമമായ ഗുര്‍മീസ്. ജിഹാദികള്‍ ചുറ്റുപാടും പൊതിഞ്ഞപ്പോള്‍ രക്ഷയ്ക്ക് വേണ്ടി അയാള്‍ പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. സ്വന്തം വീടുകളും നാടും രക്ഷിക്കാനായി ഇറങ്ങിവരാന്‍ തീരുമാനിച്ച അര്കാനും കൂട്ടുകാരും കണ്ടത് ക്രൂരമായ കൊലയാണ്. സ്ത്രീകളെയും കുട്ടികളെയും ആദ്യം അവര്‍ നീക്കം ചെയ്തിരുന്നു. ശേഷം വിലങ്ങണിയിക്കപ്പെട്ട പുരുഷന്മാരെ നിരയായി ന്നിര്‍ത്തി ഓരോരുത്തരെയായി വെടി വച്ച് കൊന്നു. പിന്നാലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് അവരുടെ ശരീരത്തിലേക്ക് മണ്ണ് വാരിയിടുകയുമായിരുന്നു. ഇവിടെ നിന്നും ഐസിസ്നെ തുരത്തിയോടിച്ചതിനാല്‍ ഇപ്പോള്‍ സ്ഥലം സുരക്ഷിതമാണ്. 32കാരനായ അര്‍കന്‍ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു. “എനിക്കറിയാവുന്ന ഒരുപാടാളുകള്‍ ആ കുഴിമാടത്തിലുണ്ട്. മിക്കവാറും പേര്‍ അയല്‍ക്കാരോ കൂട്ടുകാരോ ആണ്. അവരെ ഇങ്ങനെ എന്നും കാണേണ്ടി വരുന്നത് വിഷമമുള്ള കാര്യമാണ്.” കൂട്ടുകാരുടെ കുഴിമാടത്തെ കുറിച്ച് അര്‍ക്കന്‍ ഇങ്ങനെ പറഞ്ഞു.
റക്വ പ്രദേശത്ത് 160 സിറിയന്‍ പട്ടാളക്കാരുടെ ശവശരീരങ്ങള്‍ ഏഴ് വലിയ കുഴികളിലായി കണ്ടെത്തിയിരുന്നു. അസോസിയേറ്റ് പ്രസിന്‍റെ നേതൃത്വത്തില്‍ സിറിയന്‍ പട്ടാളക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമായും നടത്തിയ സംഭാഷങ്ങളില്‍ 17ഓളം കുഴിമാടങ്ങളാണ് ഈ പ്രദേശത്തുള്ളതെന്നാണ് മനസിലായത്. ഇത് ഭാവിയില്‍ സിറിയയില്‍ കണ്ടെത്താന്‍ പോകുന്ന കൂട്ടക്കുഴിമാടങ്ങളുടെ കടലിലെ വെറുമൊരു തുള്ളി മാത്രമാണ്.” സൈദ് അവാദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.