Currency

രാത്രി 10 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, June 4, 2017 12:26 pm

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ രാത്രി ഏഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാത്രി പത്തു മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരില്‍ ശരീരത്തിന്റെ സ്വാഭാവികമായ ദഹനപ്രക്രിയ തകരാറിലാകുകയും ഉറക്കത്തിന് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യും. അതേസമയം രാത്രി ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് സുഖനിദ്രക്കും ദഹനത്തിനും ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്.

അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ നമ്‌നി ഗോയലുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാത്രി വൈകിയുള്ള ഭക്ഷണം പൊണ്ണത്തടി കൂട്ടുന്നതിനും അമിത ഊര്‍ജ സമ്പാദനത്തിനും ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനും ഇടയാക്കും. ഇത് ഗ്ലൂക്കോസും ഇന്‍സുലിനും അമിതമായി ഉത്പാദിപ്പിക്കുകയും പ്രമേഹം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുണ്ടാക്കാന്‍ കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കാണ് ഇത് നയിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും കുഴപ്പത്തിലാക്കും. ഓര്‍മ്മ ശക്തിയില്‍ ചാഞ്ചാട്ടമുണ്ടാക്കാനും ഉറക്കമില്ലായ്മയിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ രാത്രി നേരത്തെ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യത്തിനും ശരീരഭാരത്തിനും നല്ലതെന്ന് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x