Currency

നിങ്ങൾ നല്ല രക്ഷിതാവാണോ? എങ്ങനെ ഒരു നല്ല അച്ഛനും അമ്മയുമാകാം…

സ്വന്തം ലേഖകൻFriday, October 21, 2016 3:00 pm

തങ്ങളുടെ മക്കൾക്ക് നല്ല രക്ഷിതാവാകാൻ ആഗ്രഹിക്കാത്ത അച്ഛനും അമ്മയും ആരെങ്കിലുമുണ്ടോ? ഒരേസമയം കുട്ടികൾ രക്ഷിതാക്കൾക്ക് ഒരു അനുഗ്രഹവും ഉത്തരവാദിത്വവുമാണ്. ആ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നത് മാത്രമല്ല, കുട്ടികളൂടെ കാര്യത്തിൽ അവരുമായി ഇടപഴകുന്ന രീതിയുടെ കാര്യത്തിലാണ് നിങ്ങളൊരു നല്ല രക്ഷിതാവ് ആകുന്നത്. നല്ല അച്ഛനും അമ്മയുമാകാന്‍ എന്തൊക്കെ ചെയ്യാമെന്നു നോക്കാം..

കുട്ടികളെ അഭിനന്ദിക്കാന്‍ മടിക്കുന്നതെന്തിന്?

കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുകയെന്ന സത്യം മനസ്സിലാക്കുക. ഇതാകട്ടെ അവരുടെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും അടിസ്ഥാന പ്രചോദനങ്ങളിൽ ഒന്നാകുകയും ചെയ്യും. കുട്ടികളുടെ പ്രവൃത്തികളെ പരിഗണിക്കാതിരിക്കുകയും പരിശ്രമങ്ങളെ അവഗണിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം ഇതവരെ വളരെ പ്രതികൂലമായി ബാധിക്കും എന്നതാണ്

അമിതനിയന്ത്രണം എന്തിന്?

ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാൻ വിടില്ല, മറ്റു ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും അനുവദിക്കില്ല. അങ്ങനെയല്ല വേണ്ടത്. എല്ലാത്തിനോടും ഇടപഴകുവാൻ അവരെ അനുവദിക്കുക. പ്രകൃതിയാണ് ഏറ്റവും നല്ല ഗുരു എന്ന സത്യം മറക്കാതിരിക്കുക.

കാര്യങ്ങൾ ചോദിച്ചറിയുക

വീട്ടിലെ ദൈനംദിന കാര്യങ്ങളില്‍ കുട്ടിയുടെ ഇടപെടൽ ഉറപ്പുവരുത്തുകയും വീട്ടുകാര്യങ്ങളില്‍ കുട്ടിയുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുക. അവര്‍ക്ക് പ്രായം കുറവായതിനാല്‍ അവരോട് എന്ത് ചോദിക്കാൻ എന്നാകും ഭൂരിപക്ഷം രക്ഷിതാക്കളും കരുതുക. എന്നാല്‍  അങ്ങനെയല്ല കാര്യം. അവരോട് അഭിപ്രായം ചോദിക്കുന്നത് തങ്ങള്‍ പ്രാധാന്യമുള്ളവരാണെന്ന് തോന്നാനും അവരില്‍ ഉത്തരവാദിത്വം രൂപപ്പെടാനും വഴിയൊരുക്കുന്ന കാര്യമാണ്.

മക്കളുടെ ഉറ്റസുഹൃത്തുക്കളാകുക

നിങ്ങളും അവരുടെ പ്രായമുള്ള ഒരു കുട്ടിയാണെന്ന മട്ടിൽ കുട്ടികളോട് ഇടപഴകുക. കുട്ടികളിൽ ആത്മവിശ്വാസം വളര്‍ത്താന്‍ ഇതൊരു കാരണമാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പോലും അവരുമായി ചര്‍ച്ച ചെയ്യുന്നതിലൂടെ അതിശയകരമായ വിധത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്താൻ ചിലപ്പോൾ സാധിച്ചേക്കും

എന്തിനാണ് കുട്ടികളെ പരിസഹിക്കുന്നത്?

തെറ്റായ ധാരണകൾ പ്രകടിപ്പിക്കുകയോ അബദ്ധങ്ങൾ പറയുകയോ ചെയ്യുമ്പോൾ പലരും തങ്ങളുടെ കുട്ടികളെ പരിഹസിക്കാറുണ്ട്. പക്ഷെ നിങ്ങൾ മനസ്സിലാക്കുക ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ തലച്ചോറില്‍ നെഗറ്റീവായ ആഘാതമുണ്ടാക്കുന്നതാണ്. വളരുമ്പോള്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നതിന് അവർ മടിക്കും

കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് കൂടാതിരിക്കുക

മാതാപിതാക്കള്‍ കുട്ടികളൂടെ മുന്നിൽ വെച്ച് ചെയ്യുന്ന ഒരു മോശം കാര്യമാണിതെന്നു തന്നെ പറയാം. കുട്ടികളുടേത് ലോലമായ മനസാണ്. സന്തുഷ്ട കുടുംബമാണെങ്കില്‍ പോലും തങ്ങളുടെ മാതാപിതാക്കള്‍ കലഹിക്കുന്നവരാണെന്ന തോന്നല്‍ ഇതുവഴി അവര്‍ക്കുണ്ടാവുകയും അത്തരത്തിലുള്ള അക്രമം, വളരുമ്പോള്‍ അവരുടെയും ജീവിതത്തിന്‍റെ ഭാഗമാവുകയും ചെയ്തേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x