Currency

ഹജ്ജ്: ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് സൗദി

സ്വന്തം ലേഖകന്‍Sunday, March 21, 2021 5:24 pm
haj

റിയാദ്: സൗദിയില്‍ ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടു. 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ പോലെ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും ഈ തവണയും ഹജ്ജ്.

കഴിഞ്ഞ വര്‍ഷം സൗദിക്ക് അകത്തുള്ള ആയിരത്തോളം പേര്‍ മാത്രമാണ് ഹജ്ജ് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഹജ്ജിന് അനുമതി നല്‍കും. ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പുറത്ത് വിട്ടു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് തീര്‍ത്ഥാടനത്തിനും, ഇരുഹറമുകളും പുണ്ണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനും, ഹജ്ജ് സേവനത്തിനും അനുമതി നല്‍കൂ.

മക്കയിലേയും മദീനയിലേയും 60 ശതമാനം ആളുകളിലും വാക്‌സിന്‍ വിതരണം ചെയ്യും. ദുല്‍ഹജ്ജ് ഒന്നിന് മുമ്പായി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതി നല്‍കുകയുളളൂ. ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങളിലേര്‍പ്പെടുന്നവര്‍ ഹജ്ജ് സേവനമാരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വിദേശ തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നുമാണ് ചട്ടം. മാത്രവുമല്ല, സൗദിയിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം ഇവര്‍ കയ്യില്‍ കരുതേണ്ടതാണ്.

സൗദിയിലെത്തിയാല്‍ 72 മണിക്കൂര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും, ഇതില്‍ 48 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം. 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി. കഴിഞ്ഞ വര്‍ഷത്തെ പോലെ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇത്തവണയും ഹജ്ജ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x