
റിയാദ്: റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യം വിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇവര്‍ക്കു മറ്റൊരു വീസ ലഭിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ നാട്ടില്‍ കുടുങ്ങിയ ഒട്ടേറെ മലയാളികള്‍ക്കു പുതിയ നിയമം തിരിച്ചടിയാകും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നു. യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇത്തരക്കാരുടെ ഇഖാമ, റീഎന്‍ട്രി കാലാവധി ഡിസംബര്‍ വരെ നീട്ടിയിരുന്നു. പിന്നീട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതത് സ്‌പോണ്‍സര്‍ ഇടപെട്ട് കാലാവധി ദീര്‍ഘിപ്പിക്കുന്നുണ്ട്.
യാത്രാ വിലക്കു നീട്ടിയതിനാല്‍ സൗദിയില്‍ തിരിച്ചെത്താന്‍ ഇന്ത്യക്കാര്‍ക്കു മേയ് 17 വരെ കാത്തിരിക്കണം. അപേക്ഷ ലഭിച്ച് 10 ദിവസത്തിനകമാണ് റീ എന്‍ട്രി വീസ നല്‍കുക. ഒരു മാസത്തിനകം രാജ്യം വിട്ടിരിക്കണം. തൊഴില്‍കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ എന്‍ട്രി വീസ ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.