
റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍ ആരംഭിക്കും. പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി തുടരുവാന്‍ അവരുടെ തൊഴില്‍ നൈപുണ്യം തെളിയിക്കേണ്ടിവരും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍, അവരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴില്‍ ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയാണ് തെളിയിക്കേണ്ടത്.
പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികള്‍, അവരവരുടെ രാജ്യത്ത് വെച്ച് തന്നെ തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പാസായാല്‍ മാത്രമേ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ഇവര്‍ സൗദിയിലെത്തിയാല്‍ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ജൂലൈ മുതല്‍ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം.
ഇതിന്റെ മുന്നോടിയായി നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരീക്ഷക്ക് തയാറാക്കാന്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലുടമക്ക് എസ്.വി.പി ഡോട്ട് ക്യൂഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ എന്ന വെബ്‌സൈറ്റ് വഴി, തൊഴിലാളികളെ പരീക്ഷക്ക് ഹാജരാക്കാന്‍ ഉദേശിക്കുന്ന സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാം. കൂടാതെ പരീക്ഷ നടത്താന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും ഇതേ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.