ദാമ്പത്യമായാലും പ്രണയബന്ധമായാലും സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...
ദാമ്പത്യജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പ്രത്യേകിച്ച് രണ്ട് വ്യക്തികളുടെ ഒന്നിക്കൽ ആയതിനാൽ ഇരുവർക്കും പല കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങൾ കാണും. പരസ്പരം മനസിലാക്കിയും വിശ്വാസം പുലർത്തിയുമാണ് ഏതൊരു ബന്ധവും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ദാമ്പത്യമായാലും പ്രണയബന്ധമായാലും സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം…
വിശ്വാസം
വിശ്വാസം അതല്ലേ എല്ലാം എന്ന് പ്രശസ്തമായൊരു പരസ്യവാചകമുണ്ട്. ദാമ്പത്യത്തിന്റെ കാര്യത്തിൽ ഇത് നൂറ് ശതമാനവും ശരിയാണെന്ന് തന്നെ പറയാം. പരസ്പരമുള്ള വിശ്വാസം നഷ്ടമാകുന്നതോടെ ദാമ്പത്യ ജീവിതത്തിൽ താളപ്പിഴകള്‍ തുടങ്ങുകയായി. അതിനാൽ എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് പറഞ്ഞ് വിശ്വാസം ആർജിക്കുക. പങ്കാളിയെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടാകുന്ന പക്ഷം അക്കാര്യം ആദ്യം പങ്കാളിയുമായി തന്നെ സംസാരിച്ച് സംശയനിവാരണം നടത്തുക.
പരസ്പര ബഹുമാനം
വിശ്വാസത്തോളം തന്നെ പ്രധാനമാണ് പരസ്പര ബഹുമാനവും. നിങ്ങളുടെ പങ്കാളി മറ്റൊരു വ്യക്തിയാണെന്നും അവർക്ക് അവരുടേതായ വിശ്വാസങ്ങളും രീതികളും ഉണ്ടാകുമെന്ന സത്യം ഉൾക്കൊണ്ട് കൊണ്ട് പരസ്പരം ബഹുമാനിക്കുക. പങ്കാളിയുടെ ശക്തി, ദൗര്‍ബല്യം എന്നിവ മനസിലാക്കി, കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരസ്പരം ശ്രദ്ധിച്ചാല്‍തന്നെ ആ ബന്ധം കൂടുതല്‍ ദൃഢമാകും.
ഒന്നിച്ച് സമയം ചെലവഴിക്കുക
ജീവിക്കാൻ വേണ്ടിയാണ് നമ്മൾ തൊഴിലെടുക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക. അല്ലാതെ തൊഴിലെടുക്കാൻ വേണ്ടിയല്ല നിങ്ങൾ ജീവിക്കുന്നത്. അതിനാൽ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ യാതൊരു പിശുക്കും കാണിക്കേണ്ടതില്ല. ജോലിത്തിരക്ക് കാരണം പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയാല്‍ ആ ബന്ധം പെട്ടെന്നു തന്നെ തകര്‍ച്ചയിലേക്ക് നീങ്ങും.
കൂട്ടായ തീരുമാനങ്ങൾ എടുക്കുക
കുടുംബത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ഒരിക്കലും കൈക്കൊള്ളരുത്. പങ്കാളിയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുക. സ്വന്തം തീരുമാനത്തെ വിമർശനാത്മകമായി കൂടി നോക്കിക്കാണുക. താൻ മാത്രമാണ് ശരിയെന്ന ബോധത്തെ മാറ്റി നിർത്തുക. ഈ കൂട്ടായ്മ ദാമ്പത്യത്തെ ഒന്നിച്ച് നിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതാണ്.
സത്യസന്ധത
കുടുംബജീവിതത്തിൽ മാത്രമല്ല നമ്മുടെ സാമൂഹിക ജീവിതത്തിൽ പോലും ശീലമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സത്യസന്ധത. ജീവിതത്തില്‍ ദോഷകരമല്ലാത്ത കള്ളങ്ങള്‍ പരസ്പരം പറയുന്നവരാണ് മിക്ക ഭാര്യഭര്‍ത്താക്കന്‍മാരും കമിതാക്കളും. എന്നാൽ ഇവ പരസ്പര വിശ്വാസം നഷ്ടപ്പെടാൻ കാരണമായേക്കുമെന്ന കാര്യം മറക്കരുത്. അതുകൊണ്ടുതന്നെ പങ്കാളിയോടുള്ള ഇടപെടലും പെരുമാറ്റവും സംസാരവുമൊക്കെ സത്യസന്ധമാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.