
പാരിസ്: വടക്കന്‍ പാരീസില്‍ ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തി യുവാവ്. നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ നാലു വയസുകാരനെയാണ് മമുദു ഗസ്സാമ എന്ന 22 കാരന് കുടിയേറ്റ യുവാവ് രക്ഷപെടുത്തിയത്. വടക്കന്‍ പാരിസില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഗസ്സാമ ബാല്‍ക്കണിയിലേക്ക് നിമിഷങ്ങള്‍ക്കകം വലിഞ്ഞുകയറിയത്. കെട്ടിടത്തിന്റെ താഴെ നിന്നും കമ്പിയിലും ഓരോ നിലയുടെയും ബാല്‍ക്കണിയുടെ അരികിലും പിടിച്ച് അതിവേഗം മുകളിലേക്ക് കയറിയെത്തിയാണ് മമുദു കുഞ്ഞിനെ രക്ഷാവലയത്തിലാക്കിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിമാറി.
കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഇതിനിടയില്‍ ബാല്‍ക്കണിയുടെ പിടിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിനെ മുകളില്‍ നിന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അഗ്നിശമന സേനയെ വിളിച്ചെങ്കിലും അവരെത്തുന്നതിന് മുമ്പ് തന്നെ 22കാരനായ ഗസ്സാമ കുട്ടിയുടെ രക്ഷകനായി മാറിയിരുന്നു.
മാലിയില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗസ്സാമ പാരിസിലെത്തിയത്. ഗസ്സാമയുടെ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലും മറ്റും പ്രശംസയുമായി രംഗത്തെത്തിയത്. ഏതായാലും മമുദുവിന്റെ സല്‍പ്രവര്‍ത്തിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ഒരു സമ്മാനവും നല്കി. ഫ്രഞ്ച് പൌരത്വം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.