Currency

ജപ്പാന്റെ പരമ്പരാഗത രുചിയായ സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്‌കാരമാണ്…

മണിലാൽTuesday, February 5, 2019 2:51 pm
Sushi-Japan

ജീവന്റെ ചൂട് വിട്ടുപോകാത്ത പച്ചമത്സ്യം തിരുകിവെച്ച സുഷി ടോക്യോ ബേയിലെ ക്രൂയ്‌സില്‍ ചാഞ്ഞുവീശിയ നിലാക്കുളിരിലിരുന്ന് രുചിക്കുമ്പോഴാണ് മീന്‍ജീവിതത്തെ ആദ്യമായി ആഴത്തില്‍ അയവിറക്കുന്നത്. മറ്റൊരു വിഭവം പച്ചമീന്‍തന്നെയായിരുന്നു, നെടുകെ പിളര്‍ത്തിവെച്ചത്. മാംസത്തില്‍ പറ്റിപ്പിടിച്ച അതിന്റെ വലിയ മുള്ളുകളില്‍ നിലാവെളിച്ചം തിളങ്ങിനിന്നു. വലിയ കക്കയുടെ തോടുകൊണ്ട് ചുരണ്ടിയെടുത്ത് എന്തൊക്കെയോ ദ്രവ്യരുചികളില്‍ മുക്കിയാണത് കഴിക്കുക. ജാപ്പനീസ് രുചിയുടെ പ്രാചീനതയെ എന്തും വരട്ടെ എന്ന് കണ്ണടച്ച് നാവിലേക്ക് തിരുകിവെച്ചു. മാകിസുഷി, ചിരാഷി സുഷി, നരേസുഷി, ഒഷിസുഷി, കാകിനോഹ സുഷി, സാഷാസുഷി, ഗുങ്കന്‍മാകി സുഷി എന്നിങ്ങനെ സുഷി വ്യത്യസ്ത പേരുകളില്‍, വ്യത്യസ്ത രുചികളില്‍. വളരെ സ്വാഭാവികതയോടെ മനസ്സും ശരീരവും ആ രുചിയുടെ സംസ്‌കാരത്തെ സ്വീകരിച്ചു.

ഒരിന്ത്യക്കാരന് ഏതു സംസ്‌കാരവും സ്വീകാര്യമായിരിക്കും, നമ്മള്‍ അനേക രുചികളില്‍ കിടന്ന് ശണ്ഠകൂടുന്നവര്‍. തനിമലയാളികളുടെ സംരംഭമായ സൗത്ത് പാര്‍ക്ക് ഹോട്ടലിലേക്ക് രണ്ടു ദിവസം ക്ഷണമുണ്ടായിരുന്നു. മലയാളിയുടെ രുചിയാതുരതയെ ഉണര്‍ത്താന്‍തക്ക പാചക വിശേഷമാണവിടെ. ചെറിയകാല യാത്രയായതിനാല്‍ ജാപ്പനീസ് രുചിയിലും സംസ്‌കാരത്തിലും കുത്തിമറിയാനായിരുന്നു എനിക്ക് താല്‍പര്യം. എത്ര പെട്ടെന്നാണ് മനുഷ്യന്‍ മറ്റൊന്നാവുന്നത്, ഓന്തിനേക്കാള്‍ ദ്രുതഗതിയില്‍. ജലത്തില്‍നിന്ന് ഭക്ഷണമേശ വരെയുള്ള മീനിന്മേലുള്ള മനുഷ്യാധ്വാനം ഒന്നോര്‍ത്തുനോക്കി. ചെമ്മീനും കപ്പല്‍ച്ചേതം വന്ന നാവികനും കിഴവനും കടലും ഓര്‍മകളില്‍ ആലോലമാടി. എന്റെ കടലിലേക്ക് രണ്ടുമൂന്ന് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ബാല്യത്തിന്റെ ധിറുതിയിന്മേല്‍ കടല്‍പ്പൂഴി പതിയാന്‍ അധിക സമയമൊന്നും വേണ്ടിവരില്ല. കടലെപ്പോഴും തൊട്ടടുത്ത്.

കാഴ്ചയില്‍, കേള്‍വിയില്‍, ഭാവനയില്‍. മാര്‍ക്കറ്റിലായാലും കടപ്പുറത്തായാലും മീഞ്ചട്ടിയിലായാലും മീന്‍കണ്ണുകള്‍ ഒരു നിമിഷനേരത്തേക്കെങ്കിലും അലോസരപ്പെടുത്താറുണ്ട്. നാവിലേക്കൂറിവരുന്ന കൊതിയില്‍ അതെല്ലാം നിമിഷംകൊണ്ട് മുങ്ങിപ്പോകുകയും ചെയ്യും. സൗന്ദര്യം ഊരിവെച്ചാണ് മീന്‍ കരയിലെത്തുന്നത്, ജീവന്റെ തെളിച്ചം കുറച്ചുനേരംകൂടി നിലനില്‍ക്കും. കരയിലെ അവസാനത്തെ പിടയലോടുകൂടി മീന്‍സൗന്ദര്യം അവസാനിക്കും. പിന്നെയത് മൃതശരീരമാണ്, ഭക്ഷ്യവസ്തുവാണ്. ചൂണ്ടയില്‍ കൊത്തുമ്പോഴും കുടുങ്ങി അന്തരീക്ഷത്തിലൂടെ കരക്കെത്തുമ്പോഴുമൊക്കെ പഴയൊരു ചൂണ്ടക്കാരനെന്ന നിലയില്‍ മീനിനെ അനുഭവിച്ച വികാരമെന്തായിരുന്നു, സുഷിയുടെ രുചി നുണയുന്നതിനിടയില്‍ ഒന്നാലോചിച്ചു. ചൂണ്ടയില്‍ മീന്‍ കൊത്തുമ്പോഴുള്ള ഉണര്‍വ് സന്തോഷം, കുടുങ്ങുമ്പോഴുള്ള മീന്‍വെപ്രാളത്തിന്റെ കനം, പൊക്കിയെടുക്കുമ്പോഴത്തെ ഭാരത്തില്‍ വലുപ്പച്ചെറുപ്പത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍. അന്തരീക്ഷത്തിലേക്കുയര്‍ത്തുമ്പോള്‍ ചൂണ്ടയില്‍ കിടന്നുള്ള പിടച്ചില്‍ വല്ലാത്തൊരവസ്ഥ തരും. ഒരു കൊലപാതകത്തെയോ ആത്മഹത്യയെയോ ചിന്തിക്കുക, അപ്പോ അനുഭവിക്കുന്ന വിറയലിന്റെ അതേ അവസ്ഥ. കരക്കലെത്തിയ മീന്‍ കുറച്ച് പിടച്ചിലോടെ അവസാനിക്കും, മീന്‍ശോഭ പെട്ടെന്ന് മായും. അത് ജലത്തില്‍തന്നെ കഴിയേണ്ടതാണ് എന്ന അടിസ്ഥാന വിചാരം കുറച്ച് നേരമെങ്കിലും നമ്മെ അലട്ടും. നമ്മുടെ ശീലത്തിന്റെയും രുചിയുടെയും പിന്‍ബലത്തില്‍ അതിന്റെ അവസാനം തീന്മേശയിലാവുന്നു എന്നു മാത്രം.

Tokyo-sushi

സുഷിക്ക് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ചരിത്രമാണ്. അരിയും ഉപ്പും ചേര്‍ത്ത് മീന്‍വാറ്റി സൂക്ഷിക്കുന്ന രീതിയാണ് സുഷിയുടെ തുടക്കം. ജാപ്പനീസ് സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഫാസ്റ്റ് ഫുഡായി സുഷി ഇന്ന് മാറിയിരിക്കുന്നു. ക്രൂയ്‌സില്‍ സുഷിയും പച്ചമീനും തിന്നുകൊണ്ടിരിക്കുമ്പോള്‍ നിലാവെളിച്ചത്തില്‍ മീനുകള്‍ കടലില്‍ പുളക്കുന്നുണ്ടായിരുന്നു. മൂന്ന് ജാപ്പനീസ് പെണ്‍കുട്ടികള്‍ ക്രൂയ്‌സിനകത്ത് നൃത്തം ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ മനുഷ്യശരീരങ്ങള്‍, ആണായാലും പെണ്ണായാലും ജപ്പാനിലെ ആകര്‍ഷണമാണ്. സെന്‍ ബുദ്ധിസത്തിന്റെ സ്വാധീനത്തില്‍ സാംസ്‌കാരികമായ ഉന്നതി നേടിയ മുറോമാച്ചി കാലഘട്ടമാണ് (1392-1573) സുഷിയുടെയും തുടക്കം. കാലത്തിന്റെ ഇങ്ങേ തലക്കലിരുന്ന് 2018ല്‍ സുഷി രുചിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കിടയിലെ ബഹുദൂരങ്ങള്‍ സുഷി എന്ന ഭക്ഷണപദാര്‍ഥത്തെ വലിയ വ്യത്യാസം കൂടാതെ നിലനിര്‍ത്തിപ്പോരുന്ന ജപ്പാന്‍ സംസ്‌കാരത്തെ വെറുതെ മനസ്സിലിട്ട് നുണഞ്ഞു.

ഏതൊരു ചരിത്രവുംപോലെ ജാപ്പനീസ് ചരിത്രവും ലഹരിപിടിപ്പിക്കുന്നതാണ്, സാമുറായ് പ്രകമ്പനങ്ങള്‍ അകിറ കുറസോവ മനസ്സിലേക്ക് ദൃശ്യവും ശബ്ദവുമായി നിറച്ചുതന്നിട്ടുമുണ്ട്. ഭക്ഷണത്തിന് ഒരു ചരിത്രമുണ്ട്, സംസ്‌കാരമുണ്ട്. അത് നിര്‍ബന്ധിച്ച് തീറ്റാനോ നിര്‍ദാക്ഷിണ്യം തട്ടിത്തെറിപ്പിക്കാനോ ഉള്ളതല്ല. ശ്രീകുമാര്‍, സെലസ്, ഉല്ലാസ്, അജു, അരുണ്‍ തുടങ്ങിയ ന്യൂജെന്‍ യുവാക്കള്‍ ഞങ്ങളെ കാണാന്‍ വന്നു. എല്ലാവരും ഐ.ടി രംഗത്തുള്ളവര്‍. സുഷി കഴിക്കാതെ ജപ്പാന്‍ വിടരുത്, അവര്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. അതായിരുന്നു തുടക്കം. സുഷിയെ എങ്ങനെ നേരിടണം, നിര്‍ദേശങ്ങള്‍ക്കായി ഉല്ലാസ് ക്രൂയ്‌സില്‍ ഞങ്ങള്‍ക്കൊപ്പം വന്നു. കടല്‍ തിളങ്ങുന്നുണ്ടായിരുന്നു. അകലെ പാലത്തിലൂടെ പാഞ്ഞുപോയ വെളിച്ചത്തോടൊപ്പമുള്ള ട്രെയിന്‍ ദൃശ്യം കടലിന്റെ അടിത്തട്ടുവരെ പ്രതിഫലിച്ചു.

മീന്‍ വഴുക്കിപ്പോകുന്നതുപോലെ ഓര്‍മകള്‍. നാട്ടിലെ പ്രധാന വീശക്കാരനായിരുന്നു കൃഷ്ണന്‍കുട്ടിയേട്ടന്‍. വലയും കൂടയുമായി രാവിലെത്തന്നെ ഞങ്ങള്‍ കണികാണും. കായലിനെയും സൂര്യനെയും ലക്ഷ്യമാക്കി കിഴക്കോട്ടാണ് ആ നടപ്പ്. 60 വയസ്സിനുശേഷമാണ് മീന്‍ കൊതി മൂലം വലയിലേക്ക് വീണത്. അതുവരെ റേഷന്‍കട നടത്തുകയായിരുന്നു. ഉച്ചയോടെ ക്ഷീണിച്ച ശരീരവുമായി തിരികെ വരും, നനഞ്ഞ വലയും ഒഴിഞ്ഞ കൂടയും പതിവുപോലെ. ഇടംകൈയില്‍ പൊക്കിപ്പിടിച്ച ഒരു പൊതിയുമുണ്ടാവും. ആരെങ്കിലും വഴിയില്‍ വെറുതെ മര്യാദച്ചോദ്യം ചോദിക്കും, ഇന്നെന്താ കിട്ടീത് കൃഷ്ണന്‍ കുട്ട്യേട്ടാ… ഇന്ന് മത്തിയാ, മീനിനൊക്കെ എന്താ വെല. കായലില്‍ വലവീശാന്‍ പോയി കടല്‍മീനുമായി വരുന്ന കൗതുകം നാട്ടുകാര്‍ അന്നും ഇന്നും കഥകളായി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പപ്പടത്തിന് ഇഷ്ടം കൂടുതല്‍ കാണിച്ചാല്‍ അമ്മ പറയും, ഇവന് ഒരു പപ്പടക്കാരിയെ കല്യാണം കഴിപ്പിക്കണം. മീന്‍ കൊതി കാണിച്ചാല്‍ മുക്കുവത്തിയെ. ഓരോ ഇഷ്ടത്തിനും ഓരോ കല്യാണം. കാലങ്ങള്‍ക്കിപ്പുറം അറിയുന്നു, ഓരോ ഇഷ്ടങ്ങള്‍ക്കും ഓരോ മൂഡിനും യോഗ്യരായ സുഹൃത്തുക്കള്‍ വേണം.

ആഴക്കടലിലെ മീനെല്ലാം പല രുചികളില്‍ മുന്നില്‍ നിരത്തി അവള്‍ അണിയുന്ന ഒരു നോട്ടമുണ്ട്, നാവില്‍ ഊറുന്നതിനേക്കാള്‍ ഓര്‍മയിലെ അമ്മയായിരിക്കും അവിടെ പിടയുക. സുഷി കാലങ്ങളിലൂടെ സഞ്ചരിക്കുന്നു, ജപ്പാന്‍ ജനതയുടെ നെഞ്ചോടു ചേര്‍ന്ന്. മറ്റെന്തിലുമെന്നപോലെ ഭക്ഷണത്തിലും മതമില്ലാത്ത ജനത, ജപ്പാന്‍. ടോക്യോ പ്രവിശ്യയിലെ സാന്‍സോജി അമ്പലത്തില്‍ പോയി. അവിടെ എന്തുമാവാം, മറ്റുള്ളവര്‍ക്ക് അലോസരമരുത് എന്നു മാത്രം. അതാണ് ഏറ്റവും മനോഹരമായ അമ്പലം, ആര്‍ക്കും പോകാവുന്ന സാംസ്‌കാരിക നിലയങ്ങള്‍. ഒരു വലിയ ഓട്ടുവട്ടകക്കു ചുറ്റും കൂടിനിന്ന് ആളുകള്‍ കുന്തിരിക്കം പുകയുന്നത് ശ്വസിക്കുന്നു, അകം ശുദ്ധമാക്കുന്നു. ജാതിദേശലിംഗ ഭേദമില്ലാതെ മനുഷ്യര്‍ ഇടകലരുന്നതിന്റെ സുഗന്ധമായിരുന്നു അവിടം. സുഷി ഒരു സംസ്‌കാരമാണ്, സാമുറായ് തുടര്‍ച്ചപോലെ അത് ജപ്പാന്‍ എന്ന രാജ്യത്തെ ലോകത്താകമാനം പ്രതിനിധാനം ചെയ്യുന്നു. കുറസോവയിലൂടെ തുടങ്ങിയതാണ് ഞാന്‍. മുറാകാമിയുമുണ്ട്. അമ്പലത്തിനരികെ ഇരിക്കുമ്പോള്‍ ഒരു സാമുറായ് വേഷക്കാരന്‍ തിരക്കിലൂടെ ധിറുതിയില്‍ പോകുന്നു, ആ കാഴ്ച യാഥാര്‍ഥ്യമെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ മനുഷ്യനെ നോക്കിക്കൊണ്ടിരുന്നു, മറ്റുള്ളവരും കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ മാത്രം അത് സ്വപ്നമല്ലെന്നു മനസ്സിലായി. അയാള്‍ക്ക് ഒത്ത ഉയരവും നല്ല പേശീബലവും ഉണ്ടായിരുന്നു. കാമറ ശരിയാക്കിവരുമ്പോഴേക്കും അയാള്‍ തിരക്കില്‍ അലിഞ്ഞുപോയിരുന്നു.

അപ്പോള്‍ ഞാനിരുന്നത് ഒരു ബുദ്ധശില്‍പത്തിനരികിലായിരുന്നു. ജപ്പാന്‍വാസത്തില്‍ ഉടനീളം ഒഴിഞ്ഞ മനസ്സായിരുന്നു. ബുദ്ധന്‍ സന്നിവേശിച്ചതുപോലെ. ജപ്പാന്റെ പുറംമോടി ശാന്തിയുടെ ചിത്രമാണ് തരുന്നത്. കഴിക്കുന്നു, രുചിക്കുന്നു, പിന്നിട്ട വലിയൊരു കാലത്തെ രസിക്കുന്നു, അതാണ് സുഷി. അതാണ് സംസ്‌കാരം. തട്ടിയും മുട്ടിയും പരിക്കുപറ്റാതെ ഒരു രുചി നൂറ്റാണ്ടുകളിലൂടെ സഞ്ചരിക്കുക, സമൂഹത്തിന്റെ ഭാഗമായി നിലനില്‍ക്കുക. ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളേക്കാളും ഓടിയും ചാടിയും ദേഹത്തെ പോറ്റുന്ന പ്രഭാതസവാരികളെക്കാളും സജീവമായ സ്ഥലം മീന്‍ മാര്‍ക്കറ്റുകളാണ്, അതേത് രാജ്യത്തായാലും, ചത്ത മീനുകള്‍ക്കുപോലുമുണ്ട് മനുഷ്യരെ ഉണര്‍ത്താനുള്ള രുചിവൈഭവം. സോനാഗച്ചിയിലെ സന്ധ്യക്ക് മുക്കിലും മൂലയിലുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പ്രായമാവാത്ത കുട്ടികള്‍ക്കും പ്രായം മറച്ചുവെച്ച സ്ത്രീകള്‍ക്കും ചത്ത മീന്‍കണ്ണുകളാണെന്ന് സങ്കല്‍പിച്ചിട്ടുണ്ട്. ചത്തുമലച്ച മീനിനെ സ്‌നേഹത്തോടെ തലോടുന്ന നാടന്‍ കച്ചവടക്കാരെയും ഓര്‍മവരുന്നു.

ടോക്യോ ബേ ഹോട്ടലിന്റെ വിശാലമായ തീന്മുറിയില്‍ രാവിലെ എന്തൊരാഹ്ലാദമായിരുന്നു. പച്ചിലകള്‍, കായ്കനികള്‍, കോഴി, പോര്‍ക്ക്, വിവിധ രാജ്യങ്ങളിലെ ചായ, മറ്റു പാനീയങ്ങള്‍ ഇതൊക്കെ പിന്നിടുമ്പോള്‍ മുന്നില്‍ വലിയ മീന്‍നിര. പച്ചയും പാതിവെന്തതും മുഴുവന്‍ വെന്തതുമായ മീനുകള്‍, മസാലയില്ല, ഉപ്പും മുളകുമില്ല. മീന്‍ മീനിന്റെ രുചിയോടെ അറിയുന്നത് ആദ്യം. വേവിക്കാത്ത ഭക്ഷണത്തെ ശരീരം കൂപ്പുകൈകളോടെ സ്വീകരിക്കും. കരളിന് പണി കുറയും.

ജപ്പാന്‍യാത്രയെ മനോഹരമാക്കിയതില്‍ ഒരു സ്ഥാനം ഭക്ഷണത്തിനുള്ളതാണ്, ഇതില്‍ സുഷിക്കുമുണ്ട് പ്രഥമ സ്ഥാനം. സാക്കി എന്ന നാടന്‍ ചാരായം പിറകെ വരും. എല്ലാം അടിവയറിനെ ശാന്തമായ സമുദ്രമാക്കി. സുഷി ഒരു തുറന്നിട്ട വാതിലാണ്. സഞ്ചാരയോഗ്യമായ ഒരു സാമൂഹികാവസ്ഥയുടെ അകവും പുറവും അത് കാണിച്ചുതരുന്നു, ഒരു ജനത നടന്നുകയറിയ നാഡിമിടിപ്പിന്റെ ചരിത്രവും. (ബംഗളൂരുവിലെ ഗര്‍ഷോം ഫൗണ്ടേഷന്‍ ടോക്യോവില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ അവാര്‍ഡ് മീറ്റില്‍ പങ്കെടുക്കാനാണ് ജപ്പാനില്‍ ചെന്നത്. അന്തര്‍ദേശീയ വ്യവസായിയും ഏഡ്പ്രിന്റ് മാനേജിങ് ഡയറക്ടറുമായ കോഴിക്കോട്ടുകാരന്‍ പി.കെ. അബ്ദുല്ലക്കോയയാണ് ജപ്പാനിലേക്ക് വാതില്‍ തുറന്നുതന്നത്. അങ്ങനെ യാത്രാജീവിതത്തിലെ ജപ്പാന്‍ പതിപ്പും എഴുതിച്ചേര്‍ത്തു.

(ലേഖകൻ ഫെബ്രുവരി 3 ലെ മാധ്യമം വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്. ടോക്യോയിൽ നടന്ന 13 – മത് ഗർഷോം അന്തർദേശീയ പുരസ്കാരധാനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ടോക്കിയോ ടൂറിൽ നിന്നുള്ള അനുഭവക്കുറിപ്പാണ് ലേഖനം)


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x