Currency

ഇന്ന് ലോക ആസ്ത്മ ദിനം; ചില കരുതലുകള്‍

സ്വന്തം ലേഖകന്‍Wednesday, May 3, 2017 11:03 am

ഇന്ന് ലോക ആസ്ത്മ ദിനം. ലോകമെമ്പാടും ധാരാളം ആളുകളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് ആസ്ത്മ. ഇത് വന്നുകഴിഞ്ഞാല്‍ ഇടയ്ക്കിടെ നമ്മെ അത് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുമെന്നതാണ് ആസ്തമയുടെ ഒരു പ്രത്യേകത. കണക്കുകള്‍ പ്രകാരം രണ്ടരക്കോടി ആളുകളാണ് ആസ്ത്മകൊണ്ട് ലോകത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. എന്നാല്‍ അസുഖത്തെ കുറയ്ക്കാനും പതിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനും ഫലപ്രദമായ മരുന്നുകളുണ്ട്.

ആസ്ത്മയെ പൂര്‍ണമായി മാറ്റാനാവില്ല എന്ന് പറയാറുള്ളത് സാധാരണമാണ്. അത് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാചകം കൂടിയാണ്. ആസ്ത്മ രോഗമുള്ളവര്‍ ചികിത്സ തേടിയാലും ഇനിയൊരിക്കലും വരില്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് ചികിത്സിച്ച് മാറ്റാനാവാത്തത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മരുന്നുകള്‍ക്കപ്പുറം ചില പ്രവര്‍ത്തികളും ശീലങ്ങളും ആസ്ത്മയെ അകറ്റിനിര്‍ത്തും. അത് എതൊക്കെയെന്ന് നോക്കാം.

ഉറക്കം, ഏത് സാഹചര്യത്തിലും അവശ്യം വേണ്ടത്: ഉറക്കമില്ലാതെ നല്ലൊരു മരുന്നില്ല, പ്രത്യേകിച്ചും ആസ്ത്മയ്ക്ക്. ഏത് സാഹചര്യത്തിലും എട്ടുമണിക്കൂറോ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലുമോ തീര്‍ച്ചായും ഉറങ്ങുക. ശരിയായി ഉറക്കം ലഭിക്കാത്ത ആസ്ത്മ രോഗികളില്‍ 94% കൂടുതലാണ് അസുഖം ഇടയ്ക്കിടെ വരാനുള്ള സാധ്യത എന്ന് ഈയിടെ പുറത്തുവന്ന ഒരു സര്‍വേ സൂചിപ്പിക്കുന്നു.

വ്യായാമം വളരെ നല്ലത്: ആസ്ത്മയുടെ സ്വഭാവമനുസരിച്ച് ഡോക്ടറുടെ അഭിപ്രായപ്രകാരം വിവിധ തരത്തിലുള്ള വ്യായാമം ശീലിക്കാന്‍ ശ്രമിക്കണം. കൃത്യമായ വ്യായാമം ശരീരത്തിന് ഗുണം ചെയ്യുന്നത് പല രീതിയിലാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ജീവിത ശൈലീ രോഗങ്ങള്‍ അകറ്റി നിര്‍ത്താനും വ്യായാമത്തിന് കഴിയും. ജോഗിങ്ങ് പോലുള്ള ലഘു വ്യായാമങ്ങള്‍ മതിയാവും.

യോഗ ഗുണം ചെയ്യും: വ്യായാമം പോലെ തന്നെ യോഗയും ആസ്ത്മയ്ക്ക് ആശ്വാസമേകും. കാനഡയില്‍ നടന്ന ഒരു പഠനമാണ് യോഗ ആസ്ത്മയ്ക്ക് ഗുണം ചെയ്യും എന്ന് തെളിയിച്ചത്. 1,048 പേരെ 25 ക്ലിനിക്കല്‍ ട്രയല്‍സിന് വിധേയമാക്കിയാണ് ഇക്കാര്യം പരിശോധിച്ചത്. യോഗ പതിവാക്കിയതിനുശേഷം ശ്വസന വ്യവസ്ഥ കൂടുതല്‍ ശേഷിയുള്ളതാകുന്നതായി തെളിഞ്ഞു.

സ്ത്രീകള്‍ ചിലത് ചെയ്യണം: സ്ത്രീകള്‍ പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം ഗര്‍ഭ കാലത്ത് ശ്രദ്ധിച്ചാല്‍ കുഞ്ഞിന് ആസ്ത്മ സാധ്യത 25% കുറയ്ക്കാം. എന്നും പ്രഭാതത്തിലുളള സൂര്യപ്രകാശം കൊള്ളുന്നതിലൂടെ വിറ്റാമിന്‍ ഡി വേണ്ടത്ര അളവില്‍ നിലനിര്‍ത്തുകയും ഇതിലൂടെ കുഞ്ഞുങ്ങളെ ആസ്ത്മയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x