അബൂദബി: സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവര്‍മാര്‍ പുരുഷന്മാരേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
യുഎഇ റോഡ് സുരക്ഷാ മോണിറ്റര്‍ ആണ് ആറു വര്‍ഷം നീണ്ട നിരീക്ഷണ- ഗവേഷണത്തിലൂടെ കൃത്യമായ ഡാറ്റ കണ്ടെത്തി പുറത്തുവിടുന്നത്. യു.എ.ഇയില്‍ അപകടങ്ങള്‍ വരുത്തുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയില്‍ സുരക്ഷിത ഡ്രൈവിംഗ് നടത്തുന്നവരാണ് സ്ത്രീകളെന്നും പഠനം വ്യക്തമാക്കുന്നു.
വനിതാ ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിഗണന പക്ഷെ ഇനിയും ലഭിച്ചിട്ടില്ലെന്നും സര്‍വേ പറയുന്നു. 2020ല്‍ അപകടം വരുത്തിയ വനിതകളുടെ എണ്ണം വളരെ കുറവാണ്. ആറുമാസത്തിനിടെ വെറും നാല് ശതമാനം വനിതകളാണ് അപകടം വരുത്തിയത്. ട്രാക്കുമാറ്റത്തിലും മറ്റും കൃത്യമായി സൂചകങ്ങള്‍ ഉപയോഗിക്കുന്നതിലും വനിതകളാണ് മുന്നില്‍. ഭൂരിഭാഗം വനിതാ ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം നന്നായി മനസിലാക്കുന്നുണ്ട്. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകള്‍ തന്നെയാണ് കൃത്യമായി നിയമങ്ങള്‍ പിന്തുടരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.