Currency

ബ്രിട്ടീഷ് നിരൂപകന്‍ ജോണ്‍ ബെര്‍ജെര്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍Thursday, January 5, 2017 2:10 pm

ലണ്ടന്‍: പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനുമായ ജോണ്‍ ബെര്‍ജെര്‍ അന്തരിച്ചു. തിങ്കളാഴ്ച പാരീസിലായിരുന്നു അന്ത്യം. വിപ്ലവകാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെര്‍ജെര്‍ ബി.ബി.സി.ക്കുവേണ്ടി രചിച്ച ‘വെയ്‌സ് ഓഫ് സീയിങ്’ എന്ന ലേഖനത്തിലൂടെയാണ് പ്രശസ്തനായത്. നാലുഭാഗങ്ങളിലായി പ്രക്ഷേപണം ചെയ്ത ഈ ലേഖനം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.

1926ല്‍ ലണ്ടനില്‍ ജനനം. ആദ്യം ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും പിന്നീട് ചെല്‍സി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. 1952 മുതല്‍ കലാനിരൂപകനെന്ന നിലയ്ക്ക് ശ്രദ്ധേയനായി. പിക്കാസോ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാരെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ രചിച്ച ‘ജി’ എന്ന നോവലിന് 1972ലെ ബുക്കര്‍സമ്മാനം ലഭിച്ചു.

ജോണ്‍ ബെര്‍ജെറിന്റെ നിര്യാണത്തോടെ മഹാനായ ഒരു കഥാകാരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് പെന്‍ഗ്വിന്‍ ബുക്‌സ് പറഞ്ഞു. മനുഷ്യര്‍ ലോകത്തെ കാണുന്നരീതിയെ മാറ്റിയ മനുഷ്യനായിരുന്നു ബെര്‍ജെറെന്നു ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x