Currency

സ്വകാര്യമേഖലയില്‍ അടുത്തവര്‍ഷം മുതല്‍ നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു

സ്വന്തം ലേഖകന്‍Friday, August 11, 2017 3:00 pm

മസ്‌കത്ത്: സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരും. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജനുവരിയോടെ തന്നെ പദ്ധതി നടപ്പില്‍വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട സര്‍വിസസ് കമ്മിറ്റി മേധാവി റാഷിദ് ബിന്‍ അമെര്‍ അല്‍ മുസ്‌ലഹി പറഞ്ഞു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആനുകൂല്യം ലഭിക്കും വിധമാണ് പദ്ധതി തയാറാക്കുന്നത്. അന്തിമഘടന പൂര്‍ത്തിയായ ശേഷം സമര്‍പ്പിക്കുന്ന രൂപരേഖയ്ക്ക് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുമെന്ന് അല്‍ മുസ്‌ലഹി പറഞ്ഞു. നിലവിലെ തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 33 ആണ് ഇന്‍ഷുറന്‍സ് പരിരക്ഷയെകുറിച്ച് പ്രതിപാദിക്കുന്നത്.

വിദേശി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് നിര്‍ദേശിക്കുന്ന ഈ നിയമത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതിനാല്‍ സ്വദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് നിര്‍ബന്ധമല്ലെന്നും പറയുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും സഹകരണത്തോടെയുള്ള ഏകീകൃത ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നടപ്പില്‍ വരുത്താന്‍ ലക്ഷ്യമിടുന്നത്. ആരോഗ്യസേവനങ്ങള്‍ ഏകീകരിക്കാന്‍ ഇതുവഴി സാധിക്കും.

സ്വദേശികളെയും വിദേശികളെയും കണക്കിലെടുത്തുള്ള പുതിയ നിയമം കര്‍ക്കശമാക്കുന്നതോടെ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിന് അറുതിവരുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x