
റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ 19 തസ്തികകളില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക്. തൊഴില്‍ മന്ത്രാലയമാണ് വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം വര്‍ക് പെര്‍മിറ്റ് നല്കുന്നതില് മൂന്ന് ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം രണ്ട് കോടി നാല്പത്തിമൂന്ന് ലക്ഷം വര്‍ക് പെര്‍മിറ്റുകള്‍ നല്‍കിയതായും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍-ഖൈല്‍ വ്യക്തമാക്കി.
പ്രൊഫഷന് മാറ്റം നിര്‍ത്തിവെക്കല്‍, എഞ്ചിനീയറിങ് ജോലികള്‍ക്കുള്ള റിക്രൂട്ടിങിന് 5 വര്‍ഷത്തെ തൊഴില്‍ പരിചയം എന്നീ പരിഷ്കരണങ്ങള്‍ക്ക് പിന്നാലെയാണ് സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള തുടര്‍ നടപടികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചത്. എച്ച് ആര് മാനേജര്‍, തൊഴില്‍ കാര്യ മേധാവി, പബ്ലിക് റിലേഷന്‍, റിക്രൂട്ടിങ് ഓഫീസര്‍, റിക്രൂട്ടിങ് ക്ലര്‍ക്, ഷിഫ്റ്റ് ക്ലര്‍ക്, സുരക്ഷ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ നടപടികള്‍ ഫോളോഅപ് നടത്തുന്ന മുആഖിബ്, താക്കോല്‍ സൂക്ഷിപ്പുകാരന്, കസ്റ്റം ക്ലിയറന്‍സ് ജോലികള്‍, റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷന്, ആശുപത്രികളില്‍ രോഗികളെ സ്വീകരിക്കുന്ന കൗണ്ടര്‍, പരാതികള്‍ സ്വീകരിക്കുന്ന വിഭാഗം, കാഷ്യര്‍, സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്പന നടത്തുന്ന ജോലിക്കാര്‍ തുടങ്ങിയ തസ്തികകളിലാണ് വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം വര്‍ക് പര്‍മിറ്റ് പുതുക്കുന്നതില്‍ മൂന്നു ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2015ല്‍ 85.2 ലക്ഷം വര്‍ക് പെര്‍മിറ്റുകള്‍ പുതുക്കിയപ്പോള്‍ 2016 അത് 82.5 ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.